സ്വന്തം ലേഖകൻ

ഡോൺകാസ്റ്റർ : പോലീസ് അന്വേഷണങ്ങൾക്കിടയിലും ഡോൺകാസ്റ്ററിൽ കൊലപാതകങ്ങൾ ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. സൗത്ത് യോർക്ക്‌ഷെയറിലെ ഡോൺകാസ്റ്ററിൽ കഴിഞ്ഞ ഏഴ് ആഴ്ചയ്ക്കിടയിൽ അഞ്ച് സ്ത്രീകളാണ് മരിച്ചത്. എല്ലാം കൊലപാതകമാണെന്ന് പോലീസ് പറയുന്നു. അമൻ‌ഡ സെഡ്‌വിക്, മിഷേൽ മോറിസ്, ആമി-ലിയാൻ സ്ട്രിംഗ്ഫെലോ, ക്ലെയർ ആൻഡേഴ്സൺ എന്നിവരും പേരറിയാത്ത ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഇത് ജനരോക്ഷത്തിലേക്ക് വഴി തുറന്നെങ്കിലും കൊലപാതകങ്ങൾ തമ്മിൽ ബന്ധമൊന്നും ഇല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതിനാൽ തന്നെ ഒരു സീരിയൽ കില്ലർ സാധ്യത പോലീസ് തള്ളിക്കളഞ്ഞു. “ഈ കേസുകളെല്ലാം ഓരോന്നോരോന്നായി ആണ് അന്വേഷിക്കുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളിൽ നടന്ന ഈ കൊലപാതകങ്ങൾ തമ്മിൽ ബന്ധമില്ല.” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുകയുണ്ടായി. എന്നിരുന്നാലും, സൗത്ത് യോർക്ക്ഷെയർ പട്ടണത്തിൽ അസാധാരണമാംവിധം കൊലപാതകകേസുകൾ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഏഴ് ആഴ്ചയിലെ അഞ്ച് സംഭവങ്ങൾ കഴിഞ്ഞ വർഷത്തെ നരഹത്യ നിരക്കിനേക്കാൾ ആനുപാതികമായി വളരെ കൂടുതലാണ്.

നാല് മരണങ്ങൾക്ക് ശേഷം വിമൻസ് ലൈവ്സ് മാറ്റർ നടത്തിയ പ്രതിഷേധ പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. സൗത്ത് യോർക്ക്ഷെയറിൽ 2019 ൽ 23 കൊലപാതകങ്ങൾ രേഖപ്പെടുത്തിയതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. 2020 മെയ് 19 ന് രാത്രി 11 മണിയോടെ അസ്കെർനിലെ വീട്ടിൽ വെച്ചാണ് 49 കാരിയായ അമാൻഡ സെഡ്‌വിക്കിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകിയെന്ന് സംശയിച്ച് 48 കാരനെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. സെഡ് വിക്കിന്റെ മൃതദേഹം കണ്ടെത്തിയതിന് ദിവസങ്ങൾക്ക് ശേഷം സ്റ്റെയിൻഫോർത്തിലെ വീട്ടിൽ വെച്ച് 52 കാരിയായ മിഷേൽ മോറിസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്നു ദിവസത്തിന് ശേഷം മിഷേൽ മരിച്ചു. 47 നും 33 നും ഇടയിൽ പ്രായമുള്ള രണ്ട് പുരുഷന്മാരെയും 24 കാരിയായ സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും തുടർന്ന് ജാമ്യത്തിൽ വിടുകയായിരുന്നു.

ജൂൺ 5നാണ് ആമി-ലിയാൻ സ്ട്രിംഗ്ഫെലോ എന്ന 26കാരി കൊല്ലപ്പെടുന്നത്. ഈ കൊലപാതകത്തിന് മൂന്നു ദിവസങ്ങൾക്കു ശേഷം മെക്‌സ്‌ബറോയിൽ വച്ചു 28കാരി കൊല്ലപ്പെടുകയുണ്ടായി. പേരുവിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പോലീസ് അന്വേഷണത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഡോൺകാസ്റ്ററിലെ വീട്ടിൽ വച്ചു ക്ലെയർ ആൻഡേഴ്സണെ (35) അബോധാവസ്ഥയിൽ കണ്ടെത്തിയത്. എന്നാൽ സംഭവസ്ഥലത്ത് വച്ചുതന്നെ അവർ മരണമടഞ്ഞെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ നിന്ന് പ്രധാന വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. സംഭവസ്ഥലത്ത് വെച്ച് 38കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡോൺകാസ്റ്ററിൽ താമസിക്കുന്ന ജനങ്ങൾക്ക് ഈ മരണങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നതായി ഡോൺകാസ്റ്റർ ഡിസ്ട്രിക്ട് കമാൻഡർ ചീഫ് സൂപ്രണ്ട് ഷോൺ മോർലി പറഞ്ഞു. വിപുലമായ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.