ശ്രീനഗര്‍: ഞായറാഴ്ച ജമ്മുകശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കശ്മീര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറടക്കം അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന് പോലീസും അക്രമാസക്തരായ ജനക്കൂട്ടവും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അഞ്ച് നാട്ടുകാരും വെടിയേറ്റു മരിച്ചു.

ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ചതിനാലാണ് ഞായറാഴ്ച രാവിലെ ഷോപിയാനുസമീപത്തെ ബഡിഗാം ഗ്രാമം സുരക്ഷാ സേന വളഞ്ഞത്. ഭീകരര്‍ ഒളിച്ചിരുന്ന വീട്ടില്‍ പരിശോധന നടത്താനുള്ള ശ്രമത്തിനിടെ സുരക്ഷാ സേനയ്ക്കുനേരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. നിരോധിത സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ കമാന്‍ഡര്‍ സദ്ദാം പാഡര്‍, കശ്മീര്‍ സര്‍വകലാശാല സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് റാഫി, തെക്കന്‍ കശ്മീര്‍ സ്വദേശികളായ തൗസീഫ് ശൈഖ്, ആദി മാലിക്, ബിലാല്‍ എന്നീ ഭീകരരെ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സുരക്ഷാസേന വധിച്ചത്.

അസി. പ്രൊഫസര്‍ മുഹമ്മദ് റാഫിയെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് വീട്ടിലേക്കുവിളിച്ച റാഫി താന്‍ ഭീകരരുടെയൊപ്പമുണ്ടെന്ന് വീട്ടുകാരെ അറിയിച്ചു. വീട്ടുകാര്‍ ഈ വിവരം പോലീസിനെ അറിയിച്ചു. ബന്ധുക്കളുടെ സഹായത്തോടെ ഇയാളെ അനുനയിപ്പിച്ച് കീഴടക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

സ്വദേശമായ ഗന്ദേര്‍ബാലില്‍നിന്ന് ബന്ധുക്കളെ പോലീസ് ബഡിഗാമിലേക്ക് കൊണ്ടുവന്നു. കീഴടങ്ങാന്‍ സംഘത്തിലെ മറ്റുള്ളവര്‍ അനുവദിച്ചില്ലെന്നാണ് കരുതുന്നതെന്ന് ഐ.ജി. എസ്.പി. പാണി പറഞ്ഞു. കരസേനയും പോലീസും സി.ആര്‍.പി.എഫും സംയുക്തമായാണ് ബഡിഗാമില്‍ ഭീകരരെ നേരിട്ടത്. ഏറ്റുമുട്ടലില്‍ രണ്ടു പോലീസുകാര്‍ക്കും സൈനികനും പരിക്കേറ്റു.

മുഹമ്മദ് റാഫിയെ കാണാതായതിനെത്തുടര്‍ന്ന് ശനിയാഴ്ച സര്‍വകലാശാലയില്‍ വലിയ പ്രതിഷേധപ്രകടനം നടന്നിരുന്നു. റാഫിയെ കണ്ടെത്താന്‍ എല്ലാ ശ്രമവും നടത്തുമെന്ന് പ്രക്ഷോഭകാരികളായ വിദ്യാര്‍ഥികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വൈസ് ചാന്‍സലര്‍ ഉറപ്പും നല്‍കി. ഇതിനാവശ്യമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചു.

ഇതിനിടയിലാണ് താന്‍ ഭീകരര്‍ക്കൊപ്പമാണെന്ന റാഫിയുടെ ഫോണ്‍സന്ദേശം വീട്ടിലെത്തിയത്. മണിക്കൂറുകള്‍ക്കകം ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു. സംഘര്‍ഷസാധ്യതയെത്തുടര്‍ന്ന് കശ്മീര്‍ സര്‍വകലാശാലയ്ക്ക് തിങ്കളാഴ്ചമുതല്‍ രണ്ടുദിവസത്തെ അവധി നല്‍കി. പരീക്ഷകളും മാറ്റിവെച്ചു.

അതിനിടെ, ഏറ്റുമുട്ടല്‍ നടക്കുന്നിടത്തേക്ക് യുവാക്കളുടെ സംഘം നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. യുവാക്കള്‍ സുരക്ഷാസേനയ്ക്കുനേരെ കല്ലെറിഞ്ഞു. ഇവരെ തുരത്താനുള്ള പോലീസിന്റെ ശ്രമത്തിനിടെയാണ് അഞ്ചുപേര്‍ കൊല്ലപ്പെട്ടത്. സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി കഴിഞ്ഞദിവസം ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു.

24 മണിക്കൂറിനിടെ എട്ടുഭീകരരെ വധിക്കാനായത് സുരക്ഷാസേനയുടെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ശനിയാഴ്ച ശ്രീനഗറിന് സമീപം ഛത്താബലില്‍ മൂന്നുഭീകരരെ വധിച്ചിരുന്നു.