ചതിയനും, വംശ വെറിപൂണ്ട് നടക്കുന്നയാൾ…! ലൈംഗിക പീഡനമുൾപ്പെടെ പലതിനും എന്നെ മറയാക്കി; ട്രംപിനെതിരെ ആഞ്ഞടിച്ച് അഭിഭാഷകൻ മിഷേൽ കോഹൻ

ചതിയനും, വംശ വെറിപൂണ്ട് നടക്കുന്നയാൾ…!  ലൈംഗിക പീഡനമുൾപ്പെടെ പലതിനും എന്നെ മറയാക്കി; ട്രംപിനെതിരെ ആഞ്ഞടിച്ച്  അഭിഭാഷകൻ മിഷേൽ കോഹൻ
February 28 04:25 2019 Print This Article

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അധികാരത്തിലേറാനായി തന്നെ കൊണ്ട് ചെയ്യിപ്പിച്ച നുണയുടെയും ചതിയുടെയും വഞ്ചനയുടെയും കഥകൾ വെളിപ്പെടുത്തി ട്രമ്പിനൊപ്പം ദീർഘകാലം അഭിഭാഷകനായി പ്രവർത്തിച്ച മിഷേൽ കോഹൻ രംഗത്ത്. “ചോർന്ന വിക്കി ലീക്സ് ഇമൈലുകളെ കുറിച്ച് ട്രംപിന് നേരത്തെ തന്നെ അറിയാമായിരുന്നു. എന്നിട്ട് മാധ്യമങ്ങളുടെ മുന്നിൽ നാടകം കളിച്ചു, എന്നെകൊണ്ട് കള്ളം പറയിച്ചു. 2016 ലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ റഷ്യയുമായി യാതൊരു വിധ ബിസ്സിനസ്സിനും താല്പര്യമില്ലെന്ന നട്ടാൽക്കുരുക്കാത്ത നുണ ഇന്നാട്ടിലെ പൗരന്മാരോട് ട്രംപ് എന്നെക്കൊണ്ട് പറയിപ്പിച്ചു. പല കാലങ്ങളായി പല സ്ത്രീകളെയും ലൈംഗികമായി ചൂഷണം ചെയ്തിട്ട് അതൊക്കെ തേച്ച്മാച്ച് കളയാൻ അനധികൃതമായി കുറെ പണം വാരി വിതറി…..” ട്രംപിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കോഹൻ ഉന്നയിക്കുന്നത്.

“വംശീയ വെറികൊണ്ട് നടക്കുന്നയാൾ”,” ചതിയൻ”, “ആളുകളെ വഞ്ചിച്ചു പണമുണ്ടാക്കുന്നവൻ” എന്നൊക്കെയാണ് കോഹൻ ട്രംപിനെ വിശേഷിപ്പിക്കുന്നത്. ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി ആണവ ഉടമ്പടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ട്രംപ് ഇന്നലെ വിയറ്റ്നാമിലെത്തിയ നേരത്ത് കൊഹാനെ പരാമർശിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. ചില ലൈംഗികാരോപണങ്ങൾ ഒതുക്കി തീർക്കാനായി അനധികൃതമായി പൈസകൊടുത്ത കേസിലും മറ്റുമായി കോഹൻ മെയ് മാസം മുതൽ മൂന്നു വര്‍ഷം തടവ് ശിക്ഷ അനുഭവിക്കാനിരിക്കെയാണ് ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. ഹൌസ് ഓഫ് റെപ്രസന്ററ്റിവ് ഓവർസൈറ്റ് കമ്മറ്റിയിൽ നടത്തിയ ഒരു ടെസ്റ്റിമോണയിലാണ് കോഹൻ ഇതെല്ലം തുറന്ന് പറഞ്ഞത്.

റഷ്യയുമായി ബന്ധപ്പെടുത്തി ട്രംപ് വിശാലമായ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. അതിന്റെ വിവരങ്ങൾ എല്ലാം അറിയുന്ന എന്റെ മുഖത്തു നോക്കി റഷ്യയുമായി യാതൊരു ഇടപാടും നമുക്കില്ല, അങ്ങനെ വേണം ഇവിടുത്തെ ജനത്തെ അറിയിക്കാൻ എന്നാണ് ട്രംപ് പറഞ്ഞത്. ന്യൂ യോർക്കിലെ ഫെഡറൽ പ്രോസിക്യൂട്ടർസ് ട്രംപ് കൂടി ഉൾപ്പെടുന്ന ഇപ്പോൾ പുറത്ത് പറയാൻ പറ്റാത്ത ഒരു കേസിനെക്കുറിച്ചുള്ള അന്വേഷണങ്ങളിലാണെന്നും കോഹന്റെ സംസാരത്തിൽ സൂചനകളുണ്ട്.

‘എനിക്കുപറ്റിയത് പോലൊരു അബദ്ധമൊന്നും നിങ്ങൾക്കാർക്കും പറ്റരുതേയെന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ആ ഒരൊറ്റ അബദ്ധത്തിന് ഞാൻ വലിയ വില കൊടുക്കേണ്ടി വന്നു, ഞാൻ മാത്രമല്ല എന്റെ കുടുംബം മുഴുവനും അതിന്റെ പിഴ ഒടുക്കി, ഇനിയും അനുഭവിക്കാനിരിക്കുന്നു” ട്രംപിന്റെ കൂട്ടാളിയായി ഒപ്പം നിന്നത് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട്, അത്യധികം നിരാശ്ശയോടെയാണ് കോഹൻ സംസാരിച്ചത്. ഒബാമയുടെ ജന്മസ്ഥലത്തെ ചൊല്ലി കോഹൻ അത്യധികം വംശീയമായ സിദ്ധാന്തങ്ങൾ മെനഞ്ഞെന്നും ട്രംപ് അസ്സൽ ഒരു വംശീയവാദിയാണെന്നും അദ്ദേഹത്തിന്റെ മനസ്സുനിറയെ വംശീയ വെറിയാണെന്നും കോഹൻ ആരോപിച്ചു. 2020 ൽ ട്രംപ് പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ അത്രയെളുപ്പം അധികാരകൈമാറ്റം ഉണ്ടാകില്ലെന്ന് ട്രംപിനെ ദീർഘ കാലമായി അറിയാവുന്ന കോഹൻ പ്രവചിക്കുന്നുമുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles