കോട്ടയം ജില്ലയില്‍ അഞ്ചു യുവതികളെ കാണാതായി. വൈക്കത്ത് ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങിയ യുവതിയെയും കങ്ങഴയില്‍ പതിനെട്ടുകാരിയെയും കറുകച്ചാലില്‍ രണ്ട് യുവതികളെയും എലിക്കുളത്ത് ഒരു നഴ്‌സിനെയുമാണ് കാണാതായിരിക്കുന്നത്. ഇതില്‍ നഴ്‌സിനെ കാണാതായിരിക്കുന്നതില്‍ ദുരൂഹത സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

എലിക്കുളം പഞ്ചായത്തിലെ ആളുറുമ്പ് ഭാഗത്തുള്ള നഴ്‌സ് വ്യാഴാഴ്ച രാത്രിയില്‍ ഡ്യൂട്ടിക്ക് പോയതാണ്. സാധാരണ രീതിയില്‍ ഡ;ൂട്ടി കഴിഞ്ഞാല്‍ പിറ്റേന്ന് രാവിലെ ഒന്‍പത് മണിക്ക് തിരിച്ചെത്തേണ്ടതാണ്. എന്നാല്‍, 10 മണി ആയിട്ടും തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ ഇന്ന് യുവതി ഡ്യൂട്ടിക്ക് എത്തിയിരുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്.

ഇതിനിടെ, 11 മണിയോടെ മകള്‍ അച്ഛനെ വിളിച്ച് ‘എന്നെ അന്വേഷിക്കേണ്ട, എന്റെ കല്ല്യാണം കഴിഞ്ഞു’ എന്ന് അറിയിച്ചു. ഇതേതുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഒരു യുവാവുമായി യുവതിക്ക് പ്രണയമുള്ളതായി സംശയമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ആ വഴിക്ക് അന്വേഷണം നടത്തിയെങ്കിലും യുവാവ് വിദേശത്താണെന്ന് മനസ്സിലായി. ഇതോടെ വിളിച്ചത് മകള്‍ തന്നെയാണോ എന്നും ആണെങ്കില്‍ ആര്‍ക്കൊപ്പം പോയി എന്നും അറിയാതെ വിഷമിക്കുകയാണ് വീട്ടുകാര്‍.

ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങിയ യുവതിയെയാണ് വൈക്കത്തു നിന്നും കാണാതായിരിക്കുന്നത്. 31 കാരിയായ ഭാര്യയെ കാണാതായി എന്ന പരാതിയുമായി ഭര്‍ത്താവാണ് പൊലീസില്‍ സമീപിച്ചത്. ഭര്‍ത്താവിന്റെ മൊബൈലും മോഷണം പോയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷമായിട്ടും ഇവര്‍ക്ക് കുട്ടികളില്ല. ഇതേച്ചൊല്ലിയുള്ള അസ്വാരസ്യത്തിനിടെ ഭാര്യയ്ക്ക് മറ്റേതോ ചുറ്റിക്കളിയുണ്ടെന്ന സംശയം ഉയരുകയും ഇരുവരും തമ്മില്‍ വഴക്കിടുകയും ചെയ്തിരുന്നു.

കറുകച്ചാലില്‍ നിന്നും ഇന്നലെ രണ്ട് യുവതികളെയാണ് കാണാതായത്. കണിച്ചുകുളങ്ങര ഭാഗത്തു നിന്നും രണ്ടു കുട്ടികളുടെ മാതാവായ 29 കാരിയെ കാണാനില്ല എന്ന് ഭര്‍ത്താവാണ് പരാതി നല്‍കിയിരിക്കുന്നത്. ചങ്ങനാശ്ശേരിയിലെ ഭര്‍ത്തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തി രണ്ടു കുട്ടികളെയും അവിടെ ഏല്‍പ്പിച്ചശേഷം മുങ്ങുകയായിരുന്നു. കങ്ങഴയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 18 കാരിയെ കാണാനില്ലെന്നാണ് പരാതി. ഇവര്‍ മറ്റൊരു യുവാവിനൊപ്പം പോയതായാണ് നിഗമനം.