വിമാന യാത്രകള്‍ മിക്കവാറും വളരെ ടെന്‍ഷന്‍ ഫ്രീയായിരിക്കും മിക്കയാളുകള്‍ക്കും, ചിലപ്പോള്‍ വിമാനത്താവള അറൈവലുകളിലെ ബാഗേജുകള്‍ എത്തുന്ന കാരൗസലിന് അടുത്തെത്തുന്നതു വരെ. ഒട്ടുമിക്ക യാത്രക്കാര്‍ക്കും തങ്ങളുടെ ലഗേജുകള്‍ കൃത്യമായി ലഭിക്കാറുണ്ടെങ്കിലും ചിലര്‍ക്ക് ലഗേജുകള്‍ നഷ്ടമാകാറുണ്ടെന്നതാണ് വാസ്തവം. ട്രാന്‍സിറ്റുകളിലായിരിക്കും മിക്കവാറും ഇപ്രകാരം സംഭവിക്കുക. ക്യാബിന്‍ ബാഗുകളുമായി മാത്രം സഞ്ചരിക്കുന്നവര്‍ക്ക് ഈ ടെന്‍ഷന്‍ അനുഭവിക്കേണ്ടി വരുന്നില്ലെന്നതും വാസ്തവം. ഇത്തരത്തില്‍ ബാഗേജുകള്‍ ഏറ്റവും കൂടുതല്‍ നഷ്ടമാകുന്നത് യൂറോപ്പ് യാത്രകളിലാണെന്ന് ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തല്‍ പറയുന്നു.

ആയിരം യാത്രക്കാരില്‍ ശരാശരി 7.3 ബാഗുകള്‍ യൂറോപ്പിലേക്കുള്ള യാത്രകള്‍ക്കിടയില്‍ നഷ്ടമാകുന്നുണ്ടെന്നാണ് കണക്ക്. നോര്‍ത്ത് അമേരിക്കയില്‍ ഇത് 2.85ഉം ഏഷ്യയില്‍ 1.8 മാണ് നിരക്ക്. ബജറ്റ് എയര്‍ലൈനുകള്‍ ഏറെയുള്ളതിനാല്‍ യൂറോപ്പിന്റെ ഏറ്റവു വിദൂര മേഖലകളില്‍ പോലും യാത്രികര്‍ക്ക് എത്താന്‍ സാധിക്കുന്നുണ്ട്. യാത്രക്കാര്‍ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പതിനായിരക്കണക്കിനാളുകളാണ് ഈ വിധത്തില്‍ എത്തുന്നത്. എന്നാല്‍ അത്രയും സൗകര്യങ്ങള്‍ മിക്കയിടങ്ങളിലും ഇല്ല എന്നതാണ് വാസ്തവം. പലയിടങ്ങളിലും ബാഗേജ് ജീവനക്കാര്‍ തന്നെയായിരിക്കും കൈകാര്യം ചെയ്യുന്നത്.

ഒന്നിലേറെ ലഗേജുകളുമായാണ് മിക്കയാളുകളും യാത്ര ചെയ്യുന്നത്. ട്രാന്‍സ്ഫര്‍ ഫ്‌ളൈറ്റുകളില്‍ ഈ വിധത്തില്‍ ബാഗേജുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പലപ്പോഴും ഡെസ്റ്റനേഷനുകള്‍ മാറിപ്പോകാറുണ്ട്. പുതിയ സാങ്കേതികവിദ്യയും യൂറോപ്യന്‍ മാനദണ്ഡങ്ങളും ഇത്തരം സംഭവങ്ങളുടെ എണ്ണം കുറയ്ക്കുന്നുണ്ടെങ്കിലും യൂറോപ്പിന് ലഭിച്ച ദുഷ്‌പേര് അടുത്തെങ്ങും മാറുമെന്ന് തോന്നുന്നില്ല.