മഴക്കെടുതിൽ സംസ്ഥാനത്ത് ഇന്ന് അഞ്ച് മരണം.

മലപ്പുറം ജില്ലയിൽ രണ്ടും ഇടുക്കി, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഓരോ മരണവുമാണ് റിപ്പോർട്ട് ചെയ്തത്.

മലപ്പുറം – 2 കൊണ്ടോട്ടിക്ക് സമീപം ഒഴുക്കിൽപെട്ട ചക്കാലക്കുന്ന് സ്വദേശി ഹക്കീമി (23) ന്‍റെ മൃതദേഹം കണ്ടെത്തി. ഒതുക്കുങ്ങൽ മോതിയിൽ കാളിക്കുട്ടി (72) എന്ന സ്ത്രീ മരിച്ചു.

പത്തനംതിട്ട – 1 സീതത്തോടിൽ ഉരുൾപൊട്ടലിൽ കാണാതായ രാജമ്മയുടെ മൃതദേഹം കണ്ടെത്തി

തൃശൂർ- 1 റാഞ്ചേരി ഉരുൾപൊട്ടലിൽപെട്ട മുണ്ടപ്ലാക്കൽ ഷാജിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി

ഇടുക്കി – 1 പെരിയാറിൽ ഒഴുക്കിൽപെട്ട് പൂണ്ടിക്കുളം സ്വദേശി തങ്കമ്മ (55) മരിച്ചു

13 ജില്ലകളിൽ ഇന്നും റെഡ് അലർട്ട്. മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം. ഇടുക്കി ജില്ല പൂർണമായും ഒറ്റപ്പെടുന്ന അവസ്ഥയിലേക്കാണ്. ഇടുക്കിയിൽ ഭൂരിഭാഗം ഭാഗങ്ങളിലും വൈദ്യുതിയില്ല. അതേസമയം, പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളം സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. സംസ്ഥാനത്ത് മഴ തുടരുന്നു. വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും പല സ്ഥലങ്ങളും ഒറ്റപ്പെട്ടു.

പതിനായിരക്കണക്കിന് ആളുകൾ വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. തൃശൂർ ജില്ലയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ചാലക്കുടി ടൗൺ പൂർണമായും വെള്ളത്തിൽ മുങ്ങി. ഇടുക്കി ഡാമിൽ ജലനിരപ്പ് 2402.20 അടിയിലേക്ക് ഉയർന്നു. പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മുല്ലപ്പെരിയാറിൽ 141.6 ആണ് ജലനിരപ്പ്. അതേസമയം, ദുരിതപ്പെയ്ത്തിൽ സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം മരിച്ചത് 54 പേർ.