പ്രളയം ബാധിച്ച വീടുകളിലുള്ളവര്‍ക്ക് സഹായങ്ങളെത്തിക്കാന്‍ വിസമ്മതിച്ച വില്ലേജ് ഓഫീസറെ ശകാരിക്കുന്ന പത്തനം തിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ വീഡിയോ വൈറലാകുന്നു. ഭക്ഷണക്കിറ്റുകള്‍ വെള്ളം കേറിയ വീടുകളില്‍ കിട്ടിയിട്ടില്ലെന്നും അത് ചോദിക്കുമ്പോള്‍ ക്യാംപുകളിലുള്ളവര്‍ക്ക് മാത്രമേ ഉള്ളൂ എന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞതായി നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കളക്ടറുടെ ഇടപെടല്‍.

‘കിറ്റ് ആര്‍ക്കൊക്കെയാണ് കൊടുക്കേണ്ടത്, മൊത്തം എത്രപേരുണ്ട്, ഇതുവരെ എത്രപേര്‍ക്ക് കൊടുത്തു. കൃത്യമായ ഉത്തരം നല്‍കിയില്ലെങ്കില്‍ ആക്ഷന്‍ എടുക്കും’ എന്നെല്ലാം ആദ്യം തന്നെ കളക്ടര്‍ പറഞ്ഞു. കിറ്റൊന്നും കിട്ടിയില്ലെന്നായിരുന്നു വില്ലേജ് ഓഫീസറുടെ മറുപടി. നിങ്ങള്‍ ഇത് ആരോടെങ്കിലും പറഞ്ഞോ എന്ന് കളക്ടര്‍ തിരിച്ച് ചോദിച്ചപ്പോള്‍ വില്ലേജ് ഓഫീസര്‍ക്ക് മറുപടിയില്ല.

നിങ്ങള്‍ക്ക് പിന്നെ എന്തുവാടോ ഇവിടെ പണി, ക്ഷുഭിതനായി കളക്ടര്‍ ചോദിച്ചു. ‘ഈ വില്ലേജ് ഒഫീസിലെ മുഴുവന്‍ ആളുകളുടെയും കാര്യങ്ങള്‍ അന്വേഷിക്കലല്ലെ ജോലി. ഇതൊന്നും അറിയാതെ എന്താണ് നിങ്ങള്‍ രാവിലെ മുതല്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ആകെ 84 പേരല്ലേ ഉള്ളു. ഈ ജില്ലയിലുള്ള 45000 പേരുടെ കാര്യം ഞാന്‍ പറയാമല്ലോ’. നാട്ടുകാരുടെയും പോലീസുകാരുടെയും മുന്നില്‍ നിര്‍ത്തിക്കൊണ്ട് കളക്ടര്‍ ചോദിച്ചു.

ഈ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രളയ ബാധിതര്‍ക്കായി സ്തുത്യര്‍ഹമായ സേവനം നല്‍കിയ കേരളത്തിലെ വിവിധ ജില്ലകളിലെ ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് പത്തനംതിട്ട ജില്ലാ കളക്ടറായ പിബി നൂഹ്. ദുരന്ത ബാധിതര്‍ക്ക് സഹായങ്ങളെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടായിരുന്ന കളക്ടര്‍ക്ക് വന്‍ ജനപിന്തുണയുണ്ടായിരുന്നു.

കടപ്പാട്: Tech Travel Eat by Sujith Bhakthan