യുകെയില്‍ ജനിക്കുന്ന കുട്ടികളിലെ ജനന വൈകല്യങ്ങള്‍ കുറയ്ക്കാന്‍ പുതിയ നടപടിയുമായി ഗവണ്‍മെന്റ്. വിപണിയിലെത്തുന്ന ധാന്യപ്പൊടികളില്‍ ഫോളിക് ആസിഡ് ചേര്‍ക്കാന്‍ നിര്‍ദേശം നല്‍കി. നവജാത ശിശുക്കളില്‍ ജനനത്തോട് അനുബന്ധിച്ചുണ്ടാകുന്ന സ്‌പൈന ബിഫിഡ എന്ന അസുഖവും അംഗവൈകല്യങ്ങള്‍ക്കും, ചിലപ്പോള്‍ മരണത്തിനു വരെ കാരണമാകാവുന്ന വിധത്തിലുള്ള മറ്റു വൈകല്യങ്ങളും ഒഴിവാക്കാന്‍ ഫോളിക് ആസിഡ് ഉപകരിക്കുമെന്ന നിര്‍ദേശം അംഗീകരിച്ചുകൊണ്ടാണ് ഈ പദ്ധതിക്ക് മന്ത്രിമാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ പദ്ധിക്ക് തുടക്കമാകും. ഫോളിക് ആസിഡ് ഫോര്‍ട്ടിഫിക്കേഷന്‍ നടപ്പാക്കണമെന്ന് കാലങ്ങളായി ശുപാര്‍ശകള്‍ നിലവിലുണ്ടെങ്കിലും ഗവണ്‍മെന്റുകള്‍ അവ നടപ്പാക്കുന്നതില്‍ വിമുഖത കാട്ടുകയായിരുന്നു.

ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, ബേബി ഹെല്‍ത്ത് ക്യാംപെയിനര്‍മാര്‍ എന്നിവര്‍ ദീര്‍ഘകാലമായി നടത്തി വന്നിരുന്ന ക്യാംപെയിനിന്റെ ഫലമായാണ് ഡൗണിംഗ് സ്ട്രീറ്റ് ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്ന് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ആദ്യ ഘട്ടത്തില്‍ എതിര്‍ത്തിരുന്നെങ്കിലും പിന്നീട് പ്രധാനമന്ത്രി ഇതിന് അംഗീകാരം നല്‍കുകയായിരുന്നു. തീരുമാനത്തെ മെഡിക്കല്‍ ഗ്രൂപ്പുകളും ചാരിറ്റികളും സ്വാഗതം ചെയ്തു. നിര്‍ബന്ധിത ഫോര്‍ട്ടിഫിക്കേഷന്‍ യുകെയുടെ ഭാവിതന്നെ മാറ്റിമറിക്കുമെന്ന് ഷൈന്‍ എന്ന ചാരിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് കെയിറ്റ് സ്റ്റീല്‍ പറഞ്ഞു.

അമേരിക്കയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ ഈ പദ്ധതി നിലവിലുണ്ട്. എന്‍എച്ച്എസും അഡൈ്വസറി സമിതികളും ഈ നിര്‍ദേശത്തിന് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചു വന്നിരുന്നത്. 1998ലാണ് അമേരിക്കയില്‍ ഫോളിക് ആസിഡ് ഫോര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധിതമാക്കിയത്. ഇതിനു ശേഷം ന്യൂട്രല്‍ ട്യൂബ് ഡിഫക്ട്‌സ് എന്ന അവസ്ഥക്ക് 23 ശതമാനം കുറവുണ്ടായെന്ന് വ്യക്തമായിരുന്നു.