ടെസ്‌കോയും സെയിന്‍സ്ബറീസും വിറ്റഴിച്ച മീറ്റ് ഫ്രീ വെജിറ്റേറിയന്‍ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മാംസ ശകലങ്ങള്‍ കണ്ടെത്തിയെന്ന ആരോപണത്തില്‍ അന്വേഷണം. ഫുഡ് സ്റ്റാന്‍ഡാര്‍ഡ് ഏജന്‍സി ഈ ആരോപണം അന്വേഷിക്കും. വെജിറ്റേറിയന്‍ ഉല്‍പ്പന്നങ്ങളില്‍ പോര്‍ക്ക്, ടര്‍ക്കി എന്നിവയുടെ മാംസത്തിന്റെ അംശമുണ്ടായിരുന്നു എന്നായിരുന്നു ആരോപണം ഉയര്‍ന്നത്. ഇത്തരമൊരു ആരോപണമുയരാനിടയായ സാഹചര്യങ്ങളാണ് പരിശോധനാ വിധേയമാക്കുന്നതെന്ന് എഫ്എസ്എ വക്താവ് അറിയിച്ചു. തെളിവുകള്‍ ലഭിക്കുന്നതിനനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു..

സെയിന്‍സ്ബറീസ് വിറ്റഴിച്ച വെജിറ്റേറിയന്‍ മീറ്റ്‌ബോള്‍സില്‍ പോര്‍ക്കിന്റെ അംശം അടങ്ങിയിട്ടുണ്ടായിരുന്നുവെന്ന് ടെലഗ്രാഫ് നടത്തിയ ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ടെസ്‌കോയുടെ വെജ് മാക്കറോണിയില്‍ ടര്‍ക്കിയുടെ അംശമുണ്ടെന്നും വ്യക്തമായിരുന്നു. ഒരു ജര്‍മന്‍ ഗവണ്‍മെന്റ് അംഗീകൃത ലബോറട്ടറിയിലാണ് ഇവ പരിശോധനയ്ക്ക് അയച്ചതെന്നും നിരവധി സാമ്പിളുകള്‍ അയച്ചിരുന്നുവെന്നും ടെലഗ്രാഫ് അറിയിച്ചിരുന്നു. സെയിന്‍സ്ബറീസിന്റെ സ്വന്തം ബ്രാന്‍ഡായ മീറ്റ്ഫ്രീ മീറ്റ് ബോള്‍സിലും ടെസ്‌കോയുടെ വിക്കഡ് കിച്ചണ്‍ ബിബിക്യു ബട്ടര്‍നട്ട് മാക് 385 ഗ്രാം റെഡിമീലിലുമാണ് നോണ്‍വെജ് ഡിഎന്‍എ സാന്നിധ്യം കണ്ടെത്തിയത്.

മാംസമോ മൃഗ ചര്‍മ്മമോ ഈ ഭക്ഷണ സാധനങ്ങളില്‍ അടങ്ങിയിട്ടുണ്ടാകാമെന്നതിന്റെ തെളിവാണ് ഈ ഡിഎന്‍എ സാന്നിധ്യമെന്ന് ലബോറട്ടറി വ്യക്തമാക്കിയതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തങ്ങള്‍ നടത്തിയ പരിശോധനയില്‍ ഇങ്ങനെയൊരു ഡിഎന്‍എ സാന്നിധ്യം പ്രകടമായില്ലെന്നാണ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ വിശദീകരിക്കുന്നത്.