2030 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ നീക്കങ്ങള്‍ സജീവമാക്കി ഫുട്‌ബോള്‍ അസോസിയേഷന്‍. ഗവണ്‍മെന്റ് ബോഡിയായ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതിനായുള്ള അവകാശവാദം ഉന്നയിക്കുമെന്ന് വ്യക്തമാക്കി. ഈ നീക്കം വിജയിച്ചാല്‍ 64 വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ലോകകപ്പ് മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടക്കുന്നത്. 34 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന പ്രമുഖ ടൂര്‍ണമെന്റ് കൂടിയായിരിക്കും ഇത്. യൂറോ 2020ന്റെ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ വെംബ്ലിയില്‍ വെച്ചാണ് നടക്കുന്നത്. ഇതിനായി ഒരു സംയുക്ത ബിഡ് നല്‍കേണ്ടി വരും.

ഇംഗ്ലണ്ടിന്റെ നേതൃത്വത്തില്‍ ഒരു സംയുക്ത നീക്കം നടത്തിയാല്‍ അതിന് എല്ലാ വിധ സഹായങ്ങളും നല്‍കുമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് അറിയിച്ചിട്ടുണ്ട്. ഏതു വിധത്തിലുള്ള നീക്കങ്ങള്‍ക്കും യുവേഫയുടെ നാമനിര്‍ദേശവും ഫിഫയില്‍ അംഗങ്ങളായ 211 രാജ്യങ്ങളുടെ പിന്തുണയും ആവശ്യമാണ്. ഈ നീക്കം നടത്താനുള്ള അന്തിമ തീരുമാനം അടുത്ത വര്‍ഷത്തോടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. അങ്ങനെയാണെങ്കില്‍ അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വേ എന്നീ രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ മത്സരിക്കേണ്ടി വരും.

മൊറോക്കോയും 2030 ലോകകപ്പിനായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പം സംയുക്തമായി അപേക്ഷിക്കാനാണ് പദ്ധതി. 2018 ലോകകപ്പിനായി ഇംഗ്ലണ്ട് അവകാശവാദമുന്നയിച്ചിരുന്നെങ്കിലും ഒടുവില്‍ അത് റഷ്യക്ക് ലഭിക്കുകയായിരുന്നു. 2026ല്‍ അമേരിക്ക, ക്യാനഡ, മെക്‌സിക്കോ എന്നിവര്‍ ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് സമാനമായ ഫോര്‍മാറ്റ് ആയിരിക്കും 2030ലും. 48 ടീമുകളും 80 മത്സരങ്ങളും നടക്കും.