സ്വന്തം ലേഖകൻ

ബെർലിൻ : ഫുട്ബോൾ ആരാധകർക്ക് ഇനി ആഘോഷത്തിന്റെ രാവുകൾ. മാസങ്ങൾക്ക് ശേഷം ഫുട്ബോൾ മത്സരം പുനരാരംഭിച്ചു. ജർമൻ ഫസ്റ്റ് ഡിവിഷൻ ലീഗ് ആയ ബുന്ദസ്‌ലിഗയാണ് കളിക്കളത്തിലേക്ക് തിരികെയെത്തിയത്. ലീഗിൽ എല്ലാ ടീമിനും ഒമ്പത് മത്സരങ്ങൾ വീതമാണ് ബാക്കിയുള്ളത്. ബോറുസിയ ഡോർട്മുണ്ടും ഷാൽകെയും തമ്മിലായിരുന്നു ഇന്നലെ നടന്ന ആദ്യ മത്സരം. തിരിച്ചുവരവ് ആഘോഷമാക്കിയ ഡോർട്മുണ്ട് ഷാൽക്കെയെ എതിരില്ലാത്ത 4 ഗോളുകൾക്കാണ് തറപറ്റിച്ചത്. ഗോൾ നേടിയപ്പോഴും സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു ഡോർട്മുണ്ട് താരങ്ങൾ ആഘോഷിച്ചത്. കൊറോണ കാലത്തെ പ്രതിസന്ധികളെ മാറ്റി നിർത്തി തങ്ങളുടെ ഇഷ്ടതാരങ്ങൾ കളിക്കളത്തിലേക്ക് മടങ്ങിയെത്തുമ്പോൾ ആരാധകർക്കും അത് വലിയ ആശ്വാസമാണ്. എന്നാൽ ആരാധകർക്കു പ്രവേശനം ഇല്ലാതെ എല്ലാ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഡോർട്മുണ്ടിന്റെ സ്റ്റേഡിയത്തിൽ റെവിയർ ഡെർബിയ്ക്ക് വിസിൽ മുഴങ്ങിയപ്പോൾ ഒരു പുതുഅനുഭവം ആവും കളിക്കാർക്ക് ലഭിച്ചിട്ടുണ്ടാകുക. ആരവങ്ങളും ആഘോഷങ്ങളും ഇല്ലാത്ത സ്റ്റേഡിയം. നിലവിലെ പോയിന്റ് പട്ടിക അനുസരിച്ച് ലെവൻഡോവസ്‌കിയുടെ ബയൺ മ്യുണിക്കാണ് ഒന്നാം സ്ഥാനത്ത്.

ജർമൻ ഫുട്ബോൾ വിദഗ്ദ്ധനായ റാഫേൽ ഹോനിഗ്സ്റ്റെയ്ന്റെ വിലയിരുത്തൽ പ്രകാരം ആരാധകരെ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിക്കണമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു എന്നതാണ്. ആരാധകർ ഇല്ലാതെ തികച്ചും സമാനമല്ലാത്ത ഫുട്ബോളിന്റെ ഒരു പതിപ്പാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്റ്റേഡിയത്തിൽ എത്താനാവാതെ വീർപ്പുമുട്ടുന്ന കടുത്ത ആരാധകർ ടിവിയ്ക്ക് മുന്നിൽ കുത്തിയിരിക്കുന്നതിനാൽ ടെലിവിഷൻ സംപ്രേഷണവും വർധിക്കും. വേറെ ഒരിടത്തും മത്സരങ്ങൾ തുടങ്ങിയിട്ടില്ലാത്തതിനാൽ ലോകം മുഴുവൻ ബുന്ദസ്‌ലിഗയിലേക്ക് ഉറ്റുനോക്കും. സ്റ്റേഡിയങ്ങളിലെ ഉത്സവാന്തരീക്ഷത്തിൽ കളി കണ്ടുശീലിച്ച ആരാധകരെ തൃപ്തിപ്പെടുത്താൻ സ്കൈ സ്പോർട്സ് മറ്റൊരു വിദ്യ കൊണ്ടുവന്നിട്ടുണ്ട്. റെക്കോർഡ് ചെയ്ത സൗണ്ട് ട്രാക്ക് തിരഞ്ഞെടുത്തു മത്സരം കാണാനുള്ള സൗകര്യമാണിത്. ഗോളടി ആരവങ്ങൾ, ടീം ഗീതങ്ങൾ എന്നിവ ഉണ്ടാകും. സ്വഭവനങ്ങളിൽ കഴിയുന്ന ആരാധകരെ തൃപ്തിപ്പെടുത്തുക എന്നതാണ് ഇപ്പോൾ പ്രധാനം.

അതേസമയം യൂറോപ്പിലെ മറ്റു ലീഗുകളും ഉടൻ പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ്. അടുത്തയാഴ്ച മുതൽ വ്യക്തിഗത പരിശീലനം നടത്താൻ താരങ്ങൾക്ക് അനുവാദം നൽകാനാണ് ഇംഗ്ലിഷ് പ്രീമിയർ ലീഗ് സംഘാടകരുടെ ആലോചന. അടുത്ത മാസം അടച്ചിട്ട സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടത്താമെന്നും സംഘാടകർ കരുതുന്നു.ഫ്രഞ്ച് ലീഗും ഡച്ച് ലീഗും ഇതിനകം റദ്ദാക്കിക്കഴിഞ്ഞു.