ലണ്ടന്‍: പഴയ വാഹനങ്ങള്‍ക്ക് സ്‌ക്രാപ്പേജ് സ്‌കീം പ്രഖ്യാപിച്ച് വാഹന നിര്‍മ്മാണ ഭീമനായ ഫോര്‍ഡ്. 2009 ഡിസംബറിനു മുമ്പ് റോഡിലിറങ്ങിയ ഏതു കമ്പനിയുടെയും കാറുകളോ വാനുകളോ പെട്രോള്‍, ഡീസല്‍ മോഡല്‍ ഭേദമില്ലാതെ മാറ്റിവാങ്ങാനുള്ള പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്. പഴയ വാഹനങ്ങള്‍ നല്‍കുമ്പോള്‍ പരമാവധി 7000 പൗണ്ട് വരെ പുതിയ വാഹനങ്ങള്‍ക്ക് ഡിസ്കൗണ്ടും ലഭിക്കും. സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുന്ന പദ്ധതി ഈ വര്‍ഷം അവസാനം വരെ ലഭിക്കും.

ഡീലര്‍മാരെയും വായ്പാപദ്ധതികളിലാണോ വാഹനം വാങ്ങാന്‍ ഉദ്ദേശുക്കുന്നത് എന്നിവയനുസരിച്ചായിരിക്കും ഡിസ്‌കൗണ്ട് തുക വ്യത്യാസപ്പെടുന്നത്. പഴയ വാഹനങ്ങള്‍ക്ക് പരമാവധി വില ലഭിക്കുന്ന വിധത്തില്‍ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി അത്തരം വാഹനങ്ങളുമായി എത്തുന്നവര്‍ക്ക് നേട്ടമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പഴയ ഡീസല്‍ കാറുകള്‍ നല്‍കുമ്പോള്‍ പുതിയവയ്ക്ക് വിലയില്‍ ഇളവ് നല്‍കുന്ന പദ്ധതി അവതരിപ്പിച്ച ബിഎംഡബ്ലുവിനോടാണ് ഇക്കാര്യത്തില്‍ ഫോര്‍ഡ് മത്സരിക്കുന്നത്.

പഴയ ഡീസല്‍ കാറുകള്‍ക്ക് സ്‌ക്രാപ്പേജ് പദ്ധതിയുമായി ഫോക്‌സ് വാഗണും രംഗത്തെത്തിയിട്ടുണ്ട്. ജര്‍മനിയില്‍ ഇവര്‍ അവതരിപ്പിച്ച് പദ്ധതിയില്‍ പരമാവധി 9000 പൗണ്ടിനു തുല്യമായ ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ പിന്‍വലിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തപം സ്‌ക്രാപ്പേജ് പദ്ധതി അവതരിപ്പിച്ചതെന്ന് ഫോര്‍ഡ് അറിയിച്ചു.