ന്യൂഡല്‍ഹി: നാട്ടില്‍ മുതല്‍ മുടക്കാന്‍ ആഗ്രഹമുള്ള യുകെ മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത, ചില്ലറ വില്‍പ്പന രംഗത്ത് നൂറ് ശതമാനം മുതല്‍ മുടക്കാന്‍ വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ പുതിയ നയം പ്രഖ്യാപിച്ചതോടെ ആണ് ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഉള്ള യുകെ മലയാളികള്‍ക്കും ഇനി ഇന്ത്യയില്‍ ചില്ലറ വില്‍പ്പന രംഗത്ത് നിക്ഷേപം നടത്താനുള്ള അവസരം കൈവന്നിരിക്കുന്നത്. ചില്ലറ വില്‍പ്പന മേഖലയിലും നിര്‍മാണ മേഖലയിലും നൂറുശതമാനം വിദേശ നിക്ഷേപത്തിനാണ് അനുമതി നല്‍കിയത്. ഇതിനു പുറമെ എയര്‍ ഇന്ത്യയില്‍ വിദേശ നിക്ഷേപം 49 ശതമാനം വരെയാക്കി. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് വിദേശ നിക്ഷേപത്തില്‍ കൂടുതല്‍ ഇളവനുവദിക്കാന്‍ തീരുമാനിച്ചത്.

ഇതോടെ ഒറ്റബ്രാന്‍ഡ് ചില്ലറ വില്‍പന മേഖലയില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഇടപെടാനുള്ള സാഹചര്യമൊരുങ്ങി. രാജ്യത്തെ ചെറുകിട വിപണിയെ ദൂരവ്യാപകമായി ബാധിക്കുന്ന തീരുമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി എടുത്തകളയാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. വിദേശ നിക്ഷേപം കൂടുതല്‍ എത്തുന്നത് ജിഡിപി വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഇളവനുവദിച്ചിരിക്കുന്നത്.

നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ വലിയ മാറ്റമാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് എയര്‍ ഇന്ത്യയിലെ വിദേശ നിക്ഷേപത്തിന്റെ പരിധി 49 ശതമാനമാക്കിയതാണ്. വിദേശ വിമാന കമ്പനികള്‍ക്ക് ഇനി 49 ശതമാനം വരെ എയര്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ അനുമതിയോടെ നിക്ഷേപിക്കാന്‍ സാധിക്കും. നിക്ഷേപ പരിധി 49 ശതമാനമാക്കിയതുകൊണ്ട് ഉടമസ്ഥാവകാശം സര്‍ക്കാരിന്റെ കൈയില്‍ നിലനില്‍ക്കും എന്നതു മാത്രമാണ് ആശ്വാസം.

ചില്ലറ വില്‍പന മേഖലയില്‍ നുറു ശതമാനം വിദേശ നിക്ഷേപത്തിന് നിലവില്‍ അനുമതി ഉണ്ടായിരുന്നു. എന്നാല്‍ നിക്ഷേപം നടത്താന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമായിരുന്നു. ഈ നിബന്ധനയാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞിരിക്കുന്നത്. നേരത്തെ 49 മുതല്‍ 100 ശതമാനം വരെ വിദേശ നിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമായിരുന്നു. നിര്‍മാണ മേഖലയിലും സര്‍ക്കാര്‍ അനുമതി ആവശ്യമില്ലാതെ 100 ശതമാനം നിക്ഷേപം നടത്താം.

നോട്ട് അസാധുവാക്കല്‍, ജിഎസ്ടി എന്നിവ മൂലം സാമ്പത്തിക മേഖലയില്‍ ഉണ്ടായ മാന്ദ്യം മറികടക്കാനാണ് പുതിയ തീരുമാനമെന്നാണ് വിവരം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെത്തിയ വിദേശ നിക്ഷേപത്തിന്റെ അളവ് 6008 കോടി ഡോളറായിരുന്നു. പുതിയ ഇളവോടെ ഇത് 10000 കോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് രംഗത്തെത്തി. ബിജെപി തിരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ചെന്ന് സംഘടന കുറ്റപ്പെടുത്തി.