ഇന്ത്യന്‍ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ സമൂല പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്‍ അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ചെന്നൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ്. 1990 മുതല്‍ 96 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെ സുതാര്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് നല്‍കിയ സംഭാവനയ്ക്ക്, റമോണ്‍ മാഗ്‌സസെ പുരസ്‌കാരം നേടിയിട്ടുണ്ട്.

രാജ്യത്തിന്റെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അദ്ദേഹത്തിന്റെ കാലത്താണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ അധികാരങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുതാര്യതയ്ക്കും കര്‍ശനമായ പരിശോധനയ്ക്കുമുള്ള ശ്രമങ്ങളാണ് ശേഷന്റെ നേതൃത്വത്തില്‍ നടന്നത്. ഏകാംഗ കമ്മീഷന് പകരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കൊപ്പം മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെക്കൂടി ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാര്‍ വിപുലീകരിച്ചത് തന്നെ ടി എന്‍ ശേഷനെ നിയന്ത്രിക്കാനാണ് എന്ന് അഭിപ്രായമുയര്‍ന്നിരുന്നു.

1932 ഡിസംബർ 15ന് പാലക്കാട് തിരുനെല്ലായിയിലാണ്, തിരുനെല്ലായ് നാരായണ ശേഷന്‍ എന്ന ടി എന്‍ ശേഷന്റെ ജനനം. പാലക്കാട് ബിഇഎം സ്കൂളിലും വിക്ടോറിയ കോളേജിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലുമായി വിദ്യാഭ്യാസം. സിവിൽ സർവീസ് പാസായതിന് ശേഷം യുഎസിലെ ഹാർവാർഡ് യൂണിവേഴ് സിറ്റിയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ബിരുദം നേടി. 1955ല്‍ തമിഴ്‌നാട് കേഡര്‍ (മദ്രാസ്) ഉദ്യോഗസ്ഥനായി ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ ചേര്‍ന്നു. തമിഴ്‌നാട് സര്‍ക്കാരിലും കേന്ദ്ര സര്‍ക്കാരിലും വിവിധ വകുപ്പുകളില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ടി എൻ ശേഷനെ കാബിനറ്റ് സെക്രട്ടറിയായി നിയമിച്ചു. ആസൂത്രണ കമ്മീഷൻ അംഗമായും അദ്ദേഹം പ്രവർത്തിച്ചു.

1990ൽ ടി എൻ ശേഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശേഷനെ ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ഐക്കണ്‍ ആയി മാറ്റിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ, കമ്മീഷൻ്റെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ ടി എന്‍ ശേഷന് കഴിഞ്ഞു. 1997ൽ കെ ആർ നാരായണന് എതിരെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ശേഷൻ്റെ തിരഞ്ഞെടുപ്പ് കമ്മീഷനിലെ പ്രവർത്തനങ്ങളും നേട്ടങ്ങളും

.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിച്ചു.

.വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തി.

.സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചിലവുകള്‍ക്ക് പരിധി നിശ്ചയിച്ചു.

.തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ സ്വയംഭരണാധികാരങ്ങൾ ഫലപ്രദമായി ഉപയോഗിക്കപ്പെട്ടു.

.വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നത് നിയന്ത്രിക്കാൻ കഴിഞ്ഞു.

.ഔദ്യോഗിക സംവിധാനങ്ങൾ തിരഞ്ഞെടുപ്പിൽ ദുരുപയോഗം ചെയ്യുന്നത് ഒരു പരിധി വരെ തടയാനായി.

.ആരാധനാലയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിച്ചു.

.പ്രചാരണത്തിന്റെ ഭാഗമായി മുന്‍കൂര്‍ അനുമതിയില്ലാതെ ലൗഡ് സ്പീക്കറുകളും മറ്റും ഉപയോഗിക്കുന്നത് തടഞ്ഞു.

.രാത്രികാല പ്രചാരണം നിർത്തലാക്കി.

.ഒരു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തിരഞ്ഞെടുപ്പ് നടക്കാത്ത ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയമിച്ച് തുടങ്ങിയത് ശേഷന്റെ കാലത്താണ്.