ഈജിപ്ഷ്യൻ മുൻ പ്രസിഡന്‍റ് മുഹമ്മദ് മുർസി കോടതി മുറിയിൽ കുഴഞ്ഞു വീണ് മരിച്ചു; പുറത്താക്കപ്പെട്ട മുർസി ഇന്ത്യയുമായി നല്ല ബന്ധം സൂക്ഷിച്ചയാൾ

ഈജിപ്ഷ്യൻ മുൻ പ്രസിഡന്‍റ് മുഹമ്മദ് മുർസി കോടതി മുറിയിൽ കുഴഞ്ഞു വീണ് മരിച്ചു; പുറത്താക്കപ്പെട്ട മുർസി ഇന്ത്യയുമായി നല്ല ബന്ധം സൂക്ഷിച്ചയാൾ
June 18 04:29 2019 Print This Article

അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഈജിപ്ഷ്യൻ പ്രസിഡന്‍റ് മുഹമ്മദ് മുർസി അന്തരിച്ചു. 67 വയസ്സായിരുന്നു. മുസ്ലിം ബ്രദർഹുഡ് (ഇഖ്‍വാനുൽ മുസ്ലിമൂൻ) നേതാവായിരുന്ന മുഹമ്മദ് മുർസി പട്ടാള ഭരണകൂടത്തിന്‍റെ തടവിലായിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പലസ്തീനിയൻ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസുമായി ബന്ധപ്പെട്ട് ചാരപ്രവൃത്തി നടത്തിയെന്ന കേസിലെ വിചാരണയ്ക്കായി ഹാജരാക്കിയപ്പോഴാണ് മുഹമ്മദ് മുർസി കുഴഞ്ഞു വീണത്. ഈജിപ്ത് ഔദ്യോഗിക വാർത്താ ചാനലാണ് മുഹമ്മദ് മുർസി അന്തരിച്ച വാർത്ത പുറത്തു വിട്ടത്.

ഈജിപ്തിന്‍റെ ആധുനിക ചരിത്രത്തിലാദ്യമായി 2012-ൽ നടന്ന തെരഞ്ഞെടുപ്പിൽ ജനാധിപത്യ രീതിയിൽ അധികാരത്തിലെത്തിയ ആദ്യ ഭരണാധികാരിയാണ് മുഹമ്മദ് മുർസി. മുല്ലപ്പൂ വിപ്ലവാനന്തരം പശ്ചിമേഷ്യയിൽ അധികാരത്തിലെത്തിയ ജനാധിപത്യ സർക്കാരുകളിലൊന്നിന്‍റെ ആദ്യത്തെ അമരക്കാരൻ. എന്നാൽ ജനാധിപത്യത്തിന്‍റെ കാവലാൾ എന്ന ആ പട്ടം അധികകാലം തുടരാൻ മുർസിക്ക് കഴിഞ്ഞില്ല.

അധികാരത്തിലേറി അധികകാലം കഴിയും മുമ്പ്, മുർസിക്കെതിരെ വൻ ജനകീയ പ്രക്ഷോഭം അരങ്ങേറി. മുർസി വിരുദ്ധർ കെയ്‍റോയിലെ തെരുവുകളിലിറങ്ങി വൻ പ്രതിഷേധപ്രകടനങ്ങൾ നടത്തി. തുടർന്ന് 2013 ജൂലൈ 4-ന് അട്ടിമറിയിലൂടെ മുഹമ്മദ് മുർസിയെ പുറത്താക്കി സൈന്യം അധികാരം കയ്യടക്കി. ഇതിന് പിന്നാലെ നിരവധി കേസുകളിൽ മുർസി പ്രതിയായി. പലതിലും ശിക്ഷിക്കപ്പെട്ടു.

2012-ൽ ജനാധിപത്യ വിശ്വാസികളായ പ്രതിഷേധക്കാരെ വെടിവെച്ച് കൊന്നതുൾപ്പടെ പല കേസുകളിലായി ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു മുർസി.

2013 മാർച്ച് 18 മുതൽ 20 വരെ മുഹമ്മദ് മുർസി ആദ്യമായി ഇന്ത്യ സന്ദർശിച്ചു. മൂന്ന് ദിവസത്തെ സൗഹൃദ സന്ദർശത്തിനിടയിൽ രാഷ്ട്രപതി പ്രണാബ് മുഖർജി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, പ്രധാനമന്ത്രി മൻമോഹൻ സിംഗ്, വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദ്, ഇ അഹമ്മദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

സാമ്പത്തികബന്ധവും സഖ്യവും ശക്‌തിപ്പെടുത്തുന്നതു ലക്ഷ്യമാക്കി ഇന്ത്യയും ഈജിപ്‌തും ഏഴു കരാറുകളിൽ ഒപ്പിട്ടു. പ്രതിരോധരംഗത്തും യുഎൻ അടക്കമുള്ള രാജ്യാന്തരവേദികളിലും സഹകരണം വർധിപ്പിക്കാനും ഇരുപ്രധാനമന്ത്രിമാരും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായി. വ്യാപാരം, വ്യവസായം, സാങ്കേതികം എന്നീ രംഗങ്ങളിലെ സഹകരണത്തെക്കുറിച്ചും അന്ന് ഇന്ത്യയും ഈജിപ്തും ധാരണയിലെത്തിയിരുന്നു

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles