വൈപ്പിന്‍: സിപിഎം എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി മെമ്പറുമായ വി.കെ. കൃഷ്ണന്‍(74) ആത്മഹത്യ ചെയ്തു. 74 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ വൈപ്പിനില്‍നിന്ന് ഫോര്‍ട്ടുകൊച്ചിക്കുള്ള ഫെറി ബോട്ടില്‍ നിന്നാണ് കൃഷ്ണന്‍ കായലില്‍ ചാടിയത്. ബോട്ടിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെ ആത്മഹത്യാക്കുറിപ്പ് ഏല്‍പ്പിച്ച ശേഷം കായലില്‍ ചാടുകയായിരുന്നു.

കൃഷ്ണനെ കണ്ടെത്തുന്നതിനായി കായലില്‍ തെരെച്ചില്‍ നടത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. പിന്നീട് കണ്ണമാലി കടല്‍ത്തീരത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. സിപിഎം എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മറ്റിയംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ് ഇദ്ദേഹം. തന്നെ പുകച്ച് പുറത്താക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ കൃഷ്ണന്‍ ആരോപിക്കുന്നു.

മെയ് 31-ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണച്ചതോടെയാണ് കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. എന്നാല്‍ ആത്മഹത്യക്ക് പിന്നിലെ കാരണം പ്രസിഡന്റ് സ്ഥാനമല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെയാണ് പട്ടികജാതി സംവരണ സ്ഥാനമായ പഞ്ചായത്ത് പ്രസിഡന്റ് കസേര കൃഷ്ണന് ലഭിക്കുന്നത്. സിപിഎമ്മിനെതിരെ ആരോപണങ്ങള്‍ ഉന്നയച്ചുണ്ടായ ആത്മഹത്യ ആയതിനാല്‍ പാര്‍ട്ടിക്കുള്ളില്‍ അന്വേഷണം നടക്കാനാണ് സാധ്യത.