ന്യൂസ് ഡെസ്ക്

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ സമുന്നത നേതാക്കളിലൊരാളുമായ അടല്‍ ബിഹാരി വാജ്പേയി (93) അന്തരിച്ചു. ഡല്‍ഹി എയിംസ് ഹോസ്പിറ്റലിൽ  ഇന്നു വൈകുന്നേരം ആയിരുന്നു അന്ത്യം. ഏറെക്കാലമായി ആരോഗ്യസ്ഥിതി മോശമായിരുന്ന വാജ്പേയിയെ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂത്രാശയ സംബന്ധമായ അണുബാധയുള്ളതായി ഇന്നലെ ആശുപത്രി അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഇരു വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം തീര്‍ത്തും മോശമായിരുന്നു. ഇന്ന് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

മൂന്നു തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായ വാജ്പേയി, ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഭരണത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസുകാരനല്ലാത്ത പ്രധാനമന്ത്രിയാണ്. 1996ല്‍ 13 ദിവസവും 1998ല്‍ 13 മാസവും അധികാരത്തിലിരുന്ന അദ്ദേഹം 1999-2004 കാലത്ത് പ്രധാനമന്ത്രിയായി അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി. 1977ല്‍ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ രണ്ടുവര്‍ഷം വിദേശകാര്യ മന്ത്രിയുമായിരുന്നു. പ്രധാനമന്ത്രിയായിരുന്നപ്പോഴും വിദേശകാര്യ മന്ത്രിയായിരുന്നപ്പോഴും അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്താന്‍ വാജ്പേയി മനസ്സുവെച്ചു. വിദേശകാര്യ മന്ത്രിയായിരിക്കെ 1979ല്‍ നടത്തിയ ചൈന, പാകിസ്താന്‍ സന്ദര്‍ശനങ്ങള്‍ ചരിത്രപരമായിരുന്നു. 1998ല്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ പാകിസ്താനുമായി സൗഹൃദം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി-ലാഹോര്‍ ബസ് സര്‍വീസ് ആരംഭിച്ചു. പൊഖ്റാനില്‍ രണ്ടാംതവണ ആണവ പരീക്ഷണം നടന്നതും വാജ്പേയിയുടെ കാലത്താണ്. ഇതുമായി ബന്ധപ്പെട്ട് ലോക രാജ്യങ്ങളില്‍നിന്ന് നേരിടേണ്ടിവന്ന എതിര്‍പ്പുകളെ സധൈര്യം നേരിടുന്നതിലും ഇന്ത്യയുടെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതിലും പ്രധാനമന്ത്രി എന്ന നിലയില്‍ വാജ്പേയിയുടെ ഉറച്ച നിലപാടുകള്‍ നിര്‍ണായകമായിരുന്നു.

1957ല്‍ മുപ്പത്തിമൂന്നാമത്തെ വയസ്സിലാണ് ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മധ്യപ്രദേശിലെ ബാല്‍റാംപുര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് പാര്‍ലമെന്റിലെത്തിയ വാജ്പേയി 1962ല്‍ രാജ്യസഭാംഗമായി. പിന്നീട് 1967, 71, 77, 80 എന്നീ വര്‍ഷങ്ങളിലും ലോക്സഭയിലെത്തി. 1980ല്‍ രൂപീകരിക്കപ്പെട്ട ഭാരതീയ ജനതാപാര്‍ട്ടിയുടെ സ്ഥാപകരിലൊരാളാണ്. പാര്‍ട്ടിയുടെ ആദ്യപ്രസിഡന്റും വാജ്പേയിയായിരുന്നു.

1924ല്‍ മധ്യപ്രദേശില ഗ്വാളിയോറിലാണ് വാജ്പേയി ജനിച്ചത്. അധ്യാപകനായ കൃഷ്ണാബിഹാരി വാജ്പേയിയും കൃഷ്ണദേവിയുമായിരുന്നു മാതാപിതാക്കള്‍. ഗ്വാളിയറിലെ വിക്ടോറിയ കോളേജില്‍ നിന്ന് സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നിവയില്‍ ബിരുദവും കാണ്‍പൂര്‍ ഡി. വി. കോളേജില്‍  നിന്ന് രാഷ്ട്രതന്ത്രത്തില്‍ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും നേടി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലിലായി. പിന്നീട് ആര്‍എസ്എസില്‍ സജീവമായി. 1951ല്‍ തുടക്കംകുറിച്ച ജനസംഘത്തിന്റെ സ്ഥാപകാംഗമായി. ഒരു രാജ്യതന്ത്രജ്ഞന്‍ എന്നതിനൊപ്പം കവിയും വാഗ്മിയും പത്രപ്രവര്‍ത്തകനുമായിരുന്നു വാജ്പേയി. രാഷ്ട്രത്തിനും പൊതുപ്രവര്‍ത്തനത്തിനും വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അവിവാഹിതനായിരുന്നു  അടല്‍ ബിഹാരി വാജ്പേയി.