മുൻപ്രധാനമന്ത്രി എ.ബി വാജ്പേയി അന്തരിച്ചു. 94 വയസായിരുന്നു. ഒൻപത് ആഴ്ചയായി എയിംസിൽ കഴിയുന്ന വാജ്പേയിയുടെ നില ഞായറാഴ്ച വൈകിട്ടോടെയാണ് ഗുരുതരമായത്. തുടർ‌ന്ന് ജീവൻ‌രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിവന്നത്. വ്യാഴാഴ്ച  വൈകിട്ട് അഞ്ചരയോടെയാണ് അന്ത്യം.

പ്രധാനമന്ത്രി നരേന്ദ്രമോദിഉൾപ്പെടെയുള്ള ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമതകാ ബാനർജി, ബി.ജെ.പി മുതിർന്ന നേതാവ് എ‌ൽ.കെ അദ്വാനി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സുഷമ സ്വരാജ്, രാധാമോഹൻസിംഗ്, പിയൂഷ് ഗോയൽ, സ്മൃതി ഇറാനി, ഡോ. ഹർഷവർധൻ, സുരേഷ് പ്രഭു, ബി.ജെ.പി എം.പി മീനാക്ഷി ലേഖി തുടങ്ങിയവരും വാജ്പേയിയെ ആശുപത്രിയില്‍ സന്ദർശിച്ചിരുന്നു.

ശ്വാസതടസം, മൂത്രതടസം, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ തുടർന്ന് ജൂൺ 11നാണ് വാജ്പേയിയെ എയിംസിൽ പ്രവേശിപ്പിച്ചത്. 1999 മുതൽ 2004വരെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയി രോഗം കാരണം 2009 മുതൽ പൊതുരംഗത്ത് നിന്ന് മാറി നിൽക്കുകയാണ്. ജവഹർലാൽ നെഹ്രുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ്‌ വാജ്‌പേയി. പൊഖ്റാൻ ആണവ പരീക്ഷണവും (മേയ് 1998) കാർഗിൽ യുദ്ധവും 2001ലെ പാർലിമെന്റ് ആക്രമണവും നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു.