വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പിന്നില്‍ സ്വര്‍ണക്കളളടത്ത് സംഘങ്ങളാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ബാലഭാസ്‌കറിന്റെ പിതാവും ഇത്തരം ഒരു സംശയം ഉന്നയിച്ചിരുന്നു.

ഇപ്പോള്‍ അതീവ ഗുരുതരമായ ഒരു ആരോപണം ആണ് മിമിക്രിതാരം കലാഭവന്‍ സോബി ഉന്നയിച്ചിരിക്കുന്നത്. ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുമ്പോള്‍, ഇപ്പോള്‍ പിടിയിലായ സരിത് സമീപത്ത് ഉണ്ടായിരുന്നു എന്നതാണത്.

ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍ പെട്ട സ്ഥലത്ത് നിന്ന് ഒരാള്‍ ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിക്കൊണ്ടുപോകുന്നതും കണ്ടുവെന്ന് മുമ്പ് സോബി മൊഴി നല്‍കിയിരുന്നു.

സരിത്ത് അപകട സ്ഥലത്ത്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍ പെട്ട സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നു എന്നാണ് ഇപ്പോള്‍ കലാഭവന്‍ സോബി പറയുന്നത്. നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വര്‍ണം കടത്തിയ കേസിലെ പ്രധാന പ്രതിയായ സരിത് ഇപ്പോള്‍ കസ്റ്റംസിന്റെ പിടിയിലാണ്. എന്നാല്‍ ബാലഭാസ്‌കറിന്റെ കേസുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് സരിത്ത് മൊഴി നല്‍കിയിട്ടില്ല.

തിരിച്ചറിഞ്ഞത് ഇപ്പോള്‍

സരിത്തിന്റെ ചിത്രം മാധ്യമങ്ങളിലൂടെ കണ്ടപ്പോള്‍ ആണ് തിരിച്ചറിഞ്ഞത് എന്നാണ് സോബി പറയുന്നത്. മുമ്പ് ഡിആര്‍ഐയ്ക്ക് മൊഴി നല്‍കിയപ്പോള്‍ അവര്‍ ഒരുപാട് ചിത്രങ്ങള്‍ കാണിച്ചിരുന്നു എന്ന് സോബി പറഞ്ഞിരുന്നു. എന്നാല്‍ ആ ചിത്രങ്ങളിലെ ആരും അപകടസ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.

സൈലന്റ് ആയി നിന്ന ആള്‍

ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍ പെട്ട സ്ഥലത്ത് താന്‍ വണ്ടി നിര്‍ത്തിയപ്പോള്‍ എട്ട് പേര്‍ തനിക്ക് നേരെ ആക്രോശിച്ച് വന്നിരുന്നു എന്നാണ് സോബി പറയുന്നത്. എന്നാല്‍ അക്കൂട്ടത്തില്‍ ഒരാള്‍ മാത്രം ഒന്നും മിണ്ടാതെ മാറി നിന്നിരുന്നു. അത് സരിത്ത് ആണ് എന്നാണ് സോബി ഇപ്പോള്‍ പറയുന്നത്.

കൂടുതല്‍ വെളിപ്പെടുത്തും

ബാലഭാസ്‌കറിന്റെ മരണത്തില്‍ താന്‍ നല്‍കിയ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് മുഖവിലയ്‌ക്കെടുത്തില്ലെന്ന ആക്ഷേപവും സോബി ഉന്നയിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്വേഷണ സംഘം വിവരങ്ങള്‍ ആരാഞ്ഞാല്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാണെന്നും സോബി പറയുന്നു.

ബാലുവിന്റെ സുഹൃത്തുക്കള്‍

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും ട്രൂപ്പ് അംഗങ്ങളും ആയിരുന്ന വിഷ്ണുവും പ്രകാശന്‍ തമ്പിയും സ്വര്‍ണക്കടത്ത് കേസില്‍ കുടുങ്ങിയതോടെ ആണ് സംഭവം വിവാദമായത്. ബാലഭാസ്‌കറിന്റെ കാറിനെ അപകടത്തില്‍ പെടുത്തിയതാണോ എന്ന സംശയവും ഉയര്‍ന്നിരുന്നു. അതിനിടെ സോബിയുടെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ സംശയങ്ങള്‍ ഇരട്ടിച്ചു.

ക്രൈംബ്രാഞ്ച് അന്വേഷണം

എന്നാല്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. ഡിആര്‍ഐ നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണക്കടത്തില്‍ ബാലഭാസ്‌കറിന് ഒരു പങ്കുമില്ലെന്നാണ് കണ്ടെത്തിയത്. ബാലുവിന്റെ മരണശേഷമാണ് വിഷ്ണുവും പ്രകാശന്‍ തമ്പിയും സ്വര്‍ണക്കടത്ത് നടത്തിയത് എന്നും കണ്ടെത്തിയിരുന്നു.