ലണ്ടന്‍: ലോകത്തെ മൂന്നില്‍ രണ്ട് ശതമാനം ജനങ്ങളും വര്‍ഷത്തില്‍ ഒരുമാസമെങ്കിലും കൊടിയ ജലദൗര്‍ലഭ്യം അനുഭവിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ലോകം നേരിടുന്ന കൊടും ഭീഷണിയാണിതെന്നും പഠനം സൂചിപ്പിക്കുന്നു. നേരത്തെ പ്രവചിച്ചിരുന്നതിനേക്കാള്‍ മോശമായിക്കൊണ്ടിരിക്കുകയാണ് കുടിവെളള പ്രശ്‌നം. അഞ്ഞൂറ് ദശലക്ഷം ജനതയ്ക്ക് എല്ലാവര്‍ഷവും മഴ മൂലം ലഭിക്കുന്ന വെളളത്തിന്റെ ഇരട്ടിയോളം ആവശ്യമുണ്ട്. ഭൂഗര്‍ഭ ജലനിരപ്പ് ഏറെ താഴുന്നത് ഇവരെ കടുത്ത പ്രതിസന്ധിയിലേക്ക് തളളി വിടുന്നു. ഇന്ത്യയിലും ചൈനയിലുമാണ് വളരെ ദുര്‍ബലമായ കുടിവെളള സ്രോതസുകള്‍ ഉളളത്. പശ്ചിമ മധ്യ അമേരിക്കയിലും ആസ്‌ട്രേലിയയിലും ലണ്ടന്‍ നഗരത്തിലും സ്ഥിതി ഏതാണ്ട് സമാനമാണ്. ജനസംഖ്യാ വര്‍ദ്ധനയും വെളളത്തിന്റെ ഉപയോഗം വര്‍ദ്ധിച്ചതും പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
അടുത്ത പതിറ്റാണ്ടില്‍ ജനങ്ങളെയും സമ്പദ്ഘടനയെയും ബാധിക്കുന്ന മൂന്ന് വെല്ലുവിളികളില്‍ പ്രധാനം ജലദൗര്‍ലഭ്യമാണെന്ന് ലോകസാമ്പത്തിക ഫോറം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും അഭയാര്‍ത്ഥി പ്രശ്‌നവുമാണ് മറ്റ് രണ്ട് വെല്ലുവിളികള്‍. സിറിയ പോലുളള രാജ്യങ്ങളില്‍ ഇവ മൂന്നും ഒന്നിച്ച് തന്നെ സംഭവിക്കുന്നു. 2007 മുതല്‍ 2010 വരെയുണ്ടായ കാലാവസ്ഥാ വ്യതിയാനം കടുത്ത വരള്‍ച്ചയിലേക്ക് ലോകത്തെ നയിച്ചു. ഇതോടെ കാര്‍ഷിക മേഖല തകരാന്‍ തുടങ്ങി. ഇതിന്റെ ഫലമായി കര്‍ഷകര്‍ കൂട്ടത്തോടെ നഗരങ്ങളിലേക്ക് പലായനം ചെയ്യാനും ആരംഭിച്ചു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഗണിച്ചാല്‍ പ്രമുഖ സ്ഥാനം വെളളമില്ലായ്മയ്ക്കാണ് പ്രഥമ സ്ഥാനമെന്ന് കാണാനാകും.

യെമനെ സംബന്ധിച്ചിടത്തോളം ഇത് കടുത്ത യാഥാര്‍ത്ഥ്യമാണെന്നും പഠനത്തിന് നേതൃത്വം നല്‍കിയ നെതര്‍ലന്‍ഡ്‌സിലെ ട്വെന്റെ സര്‍വകലാശാലയിലെ പ്രൊഫ.അര്‍ജന്‍ ഹൊക്‌സ്ത്ര പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ യെമനിലെ വെളളം മുഴുവന്‍ തീരും. പാകിസ്ഥാന്‍, ഇറാന്‍, മെക്‌സികോ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും ജലവിതാനം താഴ്ന്ന് കൊണ്ടിരിക്കുകയാണ്. ഇവിടെയും വലിയ താമസമില്ലാതെ തന്നെ ജലസ്രോതസുകള്‍ അപ്രത്യക്ഷമാകും. ആസ്‌ട്രേലിയയിലെ മുറെ-ഡാര്‍ലിംഗ് തടത്തിലും ജലനിരപ്പ് താഴുകയാണ്. വന്‍ നഗരമായ ലണ്ടനിലും വെളളം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

ദ ജേണല്‍ സയന്‍സ് അഡ്വാന്‍സസില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യമായാണ് ആഗോള ജലദൗര്‍ലഭ്യത്തെ മാസാടിസ്ഥാനത്തില്‍ ഒരു പഠനം വിശകലനം ചെയ്യുന്നത്. 1996 മുതല്‍ 2005 വരെയുളള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. പുനഃസ്ഥാപിക്കപ്പെടുന്ന വെളളത്തേക്കാള്‍ രണ്ട് മടങ്ങ് ഉപയോഗം വര്‍ദ്ധിച്ചതായി പഠനം ചൂണ്ടിക്കാട്ടുന്നു. 1.8 ബില്യന്‍ ജനതയ്ക്ക് ആറ് മാസവും കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നു.

കാര്‍ഷികാവശ്യങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ വെളളം ഉപയോഗിക്കുന്നത്. വളര്‍ന്നുകൊണ്ടിരിക്കുന്ന ആഗോള ജനതയ്ക്ക് ആവശ്യത്തിന് ഭക്ഷണവും വേണം. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷ്യശീലങ്ങളും ജലദൗര്‍ലഭ്യത്തിന് കാരണമാകുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ വരുമാനമുളളവര്‍ കൂടുതല്‍ മാംസം കഴിക്കുന്നുണ്ട്. ഒരു കിലോ ബീഫ് തയാറാക്കണമെങ്കില്‍ 15,000 ലിറ്റര്‍ വെളളം വേണമെന്നും പഠനം പറയുന്നു. മനുഷ്യരുടെ മറ്റൊരു പ്രധാന ഭക്ഷ്യവിഭവമായ മത്സ്യങ്ങള്‍ക്കും ജലം ആവശ്യമാണ്.

ഓരോ കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെളളത്തിന്റെ കാര്യത്തില്‍ സുതാര്യത പുലര്‍ത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇത് കുറയ്ക്കാനുളള മാര്‍ഗങ്ങളും ആവിഷ്‌ക്കരിക്കണം. ജല സുസ്ഥിരത ഓരോ കമ്പനികളും തങ്ങളുടെ നയരൂപവത്ക്കരണത്തിന്റെ ഭാഗമാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.