പോലീസിന് പിടികൊടുക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനം ഇടിച്ച് ഒരു വയസ് മാത്രം പ്രായമുള്ള കുട്ടിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില അതീവ ഗുരുതരമാണ്. കഴിഞ്ഞ ദിവസം ഷെഫീല്‍ഡിലാണ് സംഭവം. അപകടത്തിന് കാരണക്കാരായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. മൂന്ന് യുവാക്കള്‍ സഞ്ചരിച്ച വി.ഡബ്ല്യു ഗോള്‍ഫ് കാറിനെ പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ വേഗത വര്‍ധിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് വന്‍ അപകടത്തിലേക്ക് നയിച്ചത്. പോലീസില്‍ രക്ഷപ്പെടാന്‍ വീതി കുറഞ്ഞ റോഡിലൂടെ അതിവേഗം സഞ്ചരിച്ച വി.ഡബ്ല്യു ഗോള്‍ഫ് സൗത്ത് യോര്‍ക്ക്‌ഷെയറിന് സമീപത്ത് വെച്ച് 7 പേരുമായി യാത്ര ചെയ്യുകയായിരുന്ന വി.ഡബ്ല്യു ടൊറാനിലിടിച്ചു.

രണ്ട് കുടുംബത്തിലെ 7 പേരാണ് വി.ഡബ്ല്യു ടൊറാനിലുണ്ടായിരുന്നത്. 4 പേര്‍ തല്‍ക്ഷണം തന്നെ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. ഒരു വയസ് മാത്രം പ്രായമുള്ള ആണ്‍കുഞ്ഞും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. വലിയ ശബ്ദത്തോടെ ഒരു കാര്‍ വന്നിടിക്കുന്നതാണ് കാണാന്‍ കഴിഞ്ഞതെന്ന് ദൃസാക്ഷികള്‍ പറയുന്നു. പിന്നാലെ മൂന്നിലധികം പോലീസ് വാഹനങ്ങളും സംഭവ സ്ഥലത്തെത്തിയതായി പ്രദേശത്തുണ്ടായിരുന്നവര്‍ വ്യക്തമാക്കി. ഇരു വാഹനങ്ങും തകര്‍ന്ന നിലയിലാണ്. വി.ഡബ്ല്യു ടൊറാന്റെ മുകള്‍ ഭാഗം പൊളിച്ചു മാറ്റിയ ശേഷമാണ് ആളുകളെ പുറത്തെടുത്തത്. വാഹനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. 30 കിലോമീറ്റര്‍ വേഗതാ പരിധിയുള്ള സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായിരിക്കുന്നത്.

വി.ഡബ്ല്യു ഗോള്‍ഫിലുണ്ടായിരുന്ന യുവാക്കള്‍ക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ല. ആരാണ് ഗോള്‍ഫ് ഓടിച്ചിരുന്നതെന്ന് വ്യക്തമല്ല. ഇവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കുമെന്നാണ് സൂചന. കൊല്ലപ്പെട്ട നാല് പേരും രണ്ട് കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ടൊറാന്‍ വലതു ഭാഗത്തേക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായിരിക്കുന്നതെന്നാണ് സൂചന. വാഹനത്തിന്റെ ഒരു വശത്ത് ശക്തമായി ഇടിച്ചതാണ് വലിയ അപകടമായി മാറിയതെന്നും സൂചനയുണ്ട്. അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനേക്കാള്‍ ഗോള്‍ഫിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്യുന്നതിനാണ് പോലീസ് കൂടുതല്‍ ശ്രദ്ധ ചെലുത്തിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.