ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. മൂന്ന് ജവാന്‍മാര്‍ക്ക് പരുക്കേറ്റു. പുല്‍വാമയിലെ സി.ആര്‍.പി.എഫ് പരിശീലന കേന്ദ്രത്തിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്. മൂന്ന് ഭീകരരേയും സൈന്യം വധിച്ചു.

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പുല്‍വാമ ജില്ലയില്‍ ലെതേപുര ഗ്രാമത്തിലെ സി.ആര്‍.പി.എഫ് ക്യമ്പിന് നേരെ പുലര്‍ച്ചെ രണ്ട് മണിക്കാണ് ഭീകരാക്രരമണമുണ്ടായത്. ക്യാമ്പിന് നേരെ ആദ്യം ഗ്രനേഡ് എറിഞ്ഞ ഭീകരര്‍ പിന്നാലെ വെടിയുതിര്‍ക്കുകയായിരുന്നു.

ക്യാമ്പ് ആക്രമിച്ച ഭീകരരെ സി.ആര്‍.പി.എഫ്, 50 രാഷ്ട്രീയ റൈഫിള്‍സ്, ജമ്മു കശ്മീര്‍ പോലീസ് എന്നിവരുടെ സംഘം സംയുക്തമായാണ് നേരിട്ടത്. പരുക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.