തമിഴ്നാട്ടിലെ നാഗപട്ടണത്തിൽ നിന്നുള്ള ദമ്പതികളായ മുഹമ്മദും ജാസ്മിനും 4 വർഷങ്ങൾ മുമ്പ് വിസ കാലാവധി കഴിഞ്ഞിട്ടും യുകെയിൽ താമസിച്ചതിനാൽ മുഹമ്മദിന് തന്റെ ജോലി നഷ്ടപ്പെടുകയും തന്റെ മക്കളെ യുകെ അധികൃതർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. മക്കളുമായി മാതാപിതാക്കൾക്ക് വ്യക്തിപരമായോ ഫോണിലൂടെയോ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടായിട്ട് നാല് വർഷമായി. 10 വയസ്സുള്ള മകനും 8 വയസ്സുള്ള മകളും വളർത്തു പരിചരണത്തിലാണ് കഴിയുന്നത്. യുകെയിലെ ബർമിംഗ്ഹാം പ്രാദേശിക സർക്കാർ ഇപ്പോൾ ഈ രണ്ട് കുട്ടികൾക്കും ബ്രിട്ടീഷ് പൗരത്വം നൽകുകയാണ്. മാതാപിതാക്കൾക്ക് ഇതുമൂലം കുട്ടികളെ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ നയതന്ത്ര പ്രതിഷേധം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദും ജാസ്മിനും ബർമിംഗ്ഹാമിലെ ഇന്ത്യൻ കോൺസുലേറ്റിലേക്ക് കത്തെഴുതി. ഒപ്പം സർക്കാരിന്റെ ഈയൊരു നീക്കത്തിനെതിരെ കുടുംബ കോടതിയിലേക്കും അവർ കത്തെഴുതിയിട്ടുണ്ട്.

കുട്ടികൾക്ക് യുകെ പൗരത്വം നൽകിയാൽ ബർമിംഗ്ഹാമിലെ ഇന്ത്യൻ കോൺസുലേറ്റിന് അവരുമായുള്ള ബന്ധം ഇല്ലാതെയാകും. ഇന്ത്യൻ കോൺസുലേറ്റ് ഇപ്പോൾ മാതാപിതാക്കൾക്ക് നിയമപരമായ പിന്തുണയും നൽകുന്നുണ്ട്. കുടുംബ കോടതിക്കയച്ച കത്തിൽ മുഹമ്മദ്‌ തന്റെ മക്കളുടെ കാര്യത്തിൽ തനിക്കുള്ള ആശങ്ക പ്രകടമാക്കിയിട്ടുണ്ട്. കോൺസുൽ ജനറൽ ഓഫ് ഇന്ത്യയ്ക്ക് അയച്ച കത്തിൽ മുഹമ്മദ്‌ ഇപ്രകാരം പറയുന്നു “എന്റെ കുട്ടികൾക്ക് ഇന്ത്യൻ പൗരത്വമാണ് ഉള്ളത്. ഈ നീക്കത്തിനെതിരെ ഉടൻ തന്നെ പ്രതിഷേധം ഉണ്ടാവണം.” കുട്ടികളെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്നും മുഹമ്മദ്‌ ആവശ്യപ്പെടുന്നുണ്ട്. യുകെ പൗരത്വം  തന്റെ മക്കളെ തന്നിൽ നിന്നും വേർപെടുത്തുമെന്നും മുഹമ്മദ്‌ ആശങ്കപ്പെടുന്നുണ്ട്.