ജലന്ധറില്‍ മരിച്ച ഫാ. കുരിയാക്കോസ് കാട്ടുതറയുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ സിസ്റ്റര്‍ അനുപമക്ക് നേരെ ബിഷപ് അനുകൂലികളുടെ കയ്യേറ്റ ശ്രമം. ബിഷപ്പ് അനുകൂലികള്‍ സിസ്റ്ററെയും കൂട്ടരെയും ബലമായി പള്ളിമേടയില്‍ നിന്ന് പുറത്തിറക്കി. ഫാദര്‍ കാട്ടുതറയുടെ മരണം കടുത്ത മാനസിക പീഡനം മൂലമെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.

ഫാ. കുര്യാക്കോസിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷമായിരുന്നു കന്യാസ്ത്രീകള്‍ക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായത്. പള്ളിമേടയില്‍ വെച്ച്‌ മാധ്യമങ്ങളോട് പ്രതികരിക്കാനൊരുങ്ങിയ സിസ്റ്റര്‍ക്കുനേരെ പള്ളിപ്പുറം പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ ടോമി ഉലഹന്നാന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇവര്‍ സിസ്റ്ററെയും കൂട്ടരെയും ബലമായി മേടയില്‍ നിന്ന് പുറത്താക്കി.

തന്റെ ഇടവകയാണെന്നും തനിക്കിവിടെ നില്‍ക്കാന്‍ അവകാശമുണ്ടെന്നും സിസ്റ്റര്‍ അനുപമ കരഞ്ഞു കൊണ്ട് പറഞ്ഞു. എന്നാല്‍ പള്ളി കോമ്ബൗണ്ടില്‍ നിന്നും പുറത്തിറങ്ങണമെന്നു ടോമി ഉലഹന്നാന്റെ നേതൃത്ത്വത്തിലെത്തിയ ബിഷപ്പ് അനുകൂലികള്‍ ആവശ്യപ്പെട്ടു. ഫാദര്‍ കുരിയാക്കോസ് കാട്ടുതറയുടെ മരണം മാനസിക പീഡനം മൂലമാണെന്ന് സിസ്റ്റര്‍ അനുപമ ആവര്‍ത്തിച്ചു. പള്ളി കോംപൗണ്ടില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു. ചേര്‍ത്തല പള്ളിപ്പുറം സെന്റ് മേരീസ് പള്ളിയില്‍ വച്ചായിരുന്നു സംഭവം. തന്റെ അച്ഛന്റെ സ്ഥാനത്ത് കണ്ട വ്യക്തിക്കാണ് മരണം സംഭവിച്ചതെന്ന് വികാരനിര്‍ഭരയായി അനുപമ പറഞ്ഞു. ബിഷപ്പിനെതിരെ പ്രതികരിച്ചതിന് തനിക്കും ഭീഷണിയും അവഗണനയുമുണ്ടെന്ന് അനുപമ കരഞ്ഞുകൊണ്ട് പറഞ്ഞു.ഒടുവില്‍ സിസ്റ്ററെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം രംഗത്തെത്തിയാണ് ഇവരെ സുരക്ഷിതരായി തിരിച്ചയച്ചത്.