സഖറിയാസ്സച്ചന്റെ ആത്മശാന്തിക്കായി ഗ്ലോസ്റ്ററിൽ വിശുദ്ധ കുർബാന ഈ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക്..

സഖറിയാസ്സച്ചന്റെ ആത്മശാന്തിക്കായി ഗ്ലോസ്റ്ററിൽ വിശുദ്ധ കുർബാന ഈ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക്..
July 19 11:19 2019 Print This Article

ഗ്ലോസ്റ്റർ : ഗ്ലോസ്റ്റർഷെയർ മലയാളികളുടെ പ്രിയപ്പെട്ട  സഖറിയാസ് കാഞ്ഞൂപ്പറമ്പിലിച്ചന്റെ  (80 വയ്സ്സ്) വേർപാടിൽ അനുശോചനം അറിയിച്ച് ഗ്ലോസ്റ്റർ ഷെയറിലെ കത്തോലിക്ക സമൂഹം. സഖറിയാസ്സച്ചന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുവാൻ ഈ ഞായറാഴ്ച (21/07/2019) ഉച്ചതിരിഞ്ഞ് 2 മണിക്ക് ബഹുമാനപെട്ട പോളച്ചന്റെയും, ടോണി അച്ഛന്റെയും കാര്‍മ്മികത്വത്തില്‍ പരിശുദ്ധ കുര്‍ബാന നടത്തപ്പെടുന്നു. പൊതുസമൂഹത്തിലുള്ള എല്ലാവരും വന്ന്  പങ്കെടുത്ത് സക്കറിയാസ്സച്ചന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും തുടര്‍ന്നുള്ള സ്‌നേഹവിരുന്നില്‍ പങ്കെടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു ഗ്ലോസ്റ്റർ ഷെയറിലെ സീറോ മലബാർ വിശ്വാസി സമൂഹം.

ഇന്നലെയായിരുന്നു അച്ചന്റെ മരണം. സംസ്‌കാര ചടങ്ങുകള്‍ നാളെ ശനിയാഴ്ച ചൊവ്വരയിലെ നിത്യ സഹായ ഭവനില്‍ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ നടക്കും. ദീര്‍ഘകാലം ഗ്ലോസ്റ്ററില്‍ ഉണ്ടായിരുന്ന അച്ചന്‍ പൗരോഹിത്യത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചിരുന്നു. സ്ട്രൗഡിലെ മോര്‍ഹാള്‍ കോണ്‍വെന്റിലെ ചാപ്ലിനും ഗ്ലോസ്റ്ററിലെ വിവിധ കാത്തോലിക്ക സമൂഹങ്ങളുടെ ആത്മീയ ഗുരുവുമായ ഫാ സഖറിയാസ് കാഞ്ഞൂപ്പറമ്പിലിന് ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തിലായിരുന്നു ജൂബിലി ആഘോഷം സംഘടിപ്പിച്ചത്.

അച്ചൻ കുറെ മാസങ്ങളായി ക്യാന്‍സര്‍ ബാധിതനായിരുന്നു. ജീവിതത്തിലെ നല്ലൊരു ഭാഗവും  സേവനത്തിനായി വിനിയോഗിച്ച അദ്ദേഹം  ഇനിയും എനിക്ക് പോകേണ്ടതുണ്ടെന്നും ക്യാന്‍സറിന്റെ ചികിത്സയ്ക്കായി മുതിരുന്നില്ലെന്നുമാണ് രോഗ ബാധിതനെന്ന് അറിഞ്ഞപ്പോള്‍  അച്ചൻ പറഞ്ഞത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തിന് പുറമേ കാന്‍സര്‍ ബാധിതനുമായതോടെയാണ് അച്ചന്‍ യുകെയിൽ നിന്ന് ആലുവ ചൊവ്വരയിലെയ്ക്ക് പോയത്. അവിടെ വച്ചായിരുന്നു മരണം.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് നെടുമുടിയില്‍ കാഞ്ഞൂപറമ്പില്‍ വീട്ടില്‍ ജനിച്ച ഫാ സഖറിയാസ് 1964 ആഗസ്റ്റ് 29ാം തീയതിയാണ് തിരുപട്ടം സ്വീകരിച്ചത്. സിഎസ്എസ്ആര്‍ സഭാംഗമായ അദ്ദേഹം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിച്ച ശേഷം 2011 ലാണ് ഇംഗ്ലണ്ടിലെ ഗ്ലോസ്റ്ററിലുള്ള മോര്‍ ഹാള്‍ കോണ്‍വെന്റിലെ ചാപ്ലിനായി എത്തിയത്.

യുകെയിലെ അച്ചന്മാരുടെ പിതാവെന്ന് അറിയപ്പെട്ടിരുന്ന സഖറിയാസ്സച്ചൻ ഏവര്‍ക്കും വഴികാട്ടിയായിരുന്നു. അതോടൊപ്പം ഗ്ലോസ്റ്ററിലെ എല്ലാ മലയാളികൾക്കും സുപരിചിതനും പ്രിയങ്കരനുമായിരുന്നു . സഖറിയാസച്ചന്റെ വേർപാട് യുകെയിലെ വിശ്വാസസമൂഹത്തിനും സഭക്കും ഒരു വലിയ  നഷ്ട്ടം തന്നെയാണ്.

 

Address of Church

St Augustine Church,

Matson,

Gloucester 

GL4 6LA

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles