റഫാല്‍ കരാറിന്റെ പിന്‍ബലത്തില്‍ അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രാന്‍സ് വന്‍നികുതി ഇളവ് നല്‍കിയതായി റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ നികുതി വെട്ടിപ്പിന് പിഴയിട്ട അംബാനിയുടെ ടെലികോം കമ്പനിക്ക് 143.7 ദശലക്ഷം യൂറോ ഇളവ് നല്‍കിയെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ കണ്ടെത്തി. ഫ്രഞ്ച് കമ്പനിയില്‍നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി.

ഫ്രാന്‍സില്‍ അനില്‍ അംബാനി ആരംഭിച്ച ടെലികോം കമ്പനിയാണ് റിലയന്‍സ് അറ്റ്ലാന്‍ഡിക് ഫ്ളാഗ് ഫ്രാന്‍സ്. 2007- 2010 കാലഘട്ടത്തില്‍ ഈ കമ്പനിയുടെ നികുതി വെട്ടിപ്പ് ബന്ധപ്പെട്ട് ഫ്രഞ്ച് ആദായനികുതി വകുപ്പ് 60 ദശലക്ഷം യൂറോ പിഴയിട്ടു. ഏഴര ദശലക്ഷം യൂറോ നല്‍കി ഇത് ഒതുക്കിതീര്‍ക്കാന്‍ അംബാനി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ, 2010 2012 കാലഘട്ടത്തില്‍ 91 ദശലക്ഷം യൂറോ അധിക നികുതി കൂടി അടയ്‍ക്കാന്‍ ഫ്രഞ്ച് ആദായനികുതി വകുപ്പ് അംബാനിയുടെ കമ്പനിയോട് ആവശ്യപ്പെട്ടു.

അങ്ങനെ നികുതി ഇനത്തില്‍ ആകെ നല്‍കേണ്ടത് 151 ദശലക്ഷം യൂറോയായി. ഇത് നില്‍ക്കെയാണ് 2015ല്‍ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം വന്ന് ആറ് മാസം പിന്നിടും മുന്‍പ് അനില്‍ അംബാനിയില്‍ നിന്ന് തുച്ഛമായ 7.3 ദശലക്ഷം യൂറോ കൈപ്പറ്റി നടപടി അവസാനിപ്പിച്ചെന്നാണ് ഫ്രഞ്ച് പത്രം പുറത്തുവിട്ടത്. ആകെ 143 ദശലക്ഷം യൂറോയുടെ നികുതി ഇളവാണ് അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രഞ്ച് ആദായനികുതി വകുപ്പ് നല്‍കിയത്. റഫാല്‍ നിര്‍മാതാക്കളായ ഡസോ ഏവിയേഷനുമായി അനുബന്ധ കരാരില്‍ റിലയന്‍സ് ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ ഇളവ് അനുവദിച്ചതെന്നാണ് ആരോപണം.