കൊച്ചി: കന്യാസ്ത്രീ പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മുന്‍കൂര്‍ ജാമ്യത്തിന് ബിഷപ്പ് ഫ്രാങ്കോ ശ്രമിക്കുന്നത്. കന്യാസ്ത്രീക്ക് തന്നോട് വ്യക്തിവിരോധമാണെന്ന ആരോപണമായിരിക്കും ഫ്രാങ്കോ ഉന്നയിക്കുക.

ഇവര്‍ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയാണെന്നും ഇതിനെത്തുടര്‍ന്ന് പല തവണ ഇവരെ താന്‍ ശാസിച്ചിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. തനിക്കെതിരെയുള്ള പീഡനാരോപണം കള്ളക്കഥയാണെന്നും ഫ്രാങ്കോ ആരോപിക്കുന്നു. പരാതിയില്‍ തന്റെ അറസ്റ്റ് ഒഴിവാക്കണമെന്നായിരിക്കും ഫ്രാങ്കോ കോടതിയോട് ആവശ്യപ്പെടുക. ഇതു കൂടാതെ കന്യാസ്ത്രീക്കെതിരെ മറ്റൊരു പരാതി കൂടി നല്‍കിയേക്കുമെന്നും വിവരമുണ്ട്.

കന്യാസ്ത്രീയുടെ ആദ്യമൊഴിയില്‍ പീഡനത്തെക്കുറിച്ച് പറയുന്നില്ല. കന്യാസ്ത്രീയുടെ കുടുംബാംഗങ്ങള്‍ ത്‌ന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫ്രാങ്കോ കോടതിയില്‍ പറയും. മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കാതെ ചോദ്യം ചെയ്യലിന് ഹാജരാകരുതെന്ന് ബിഷപ്പിന് നിയമോപദേശം ലഭിച്ചുവെന്നാണ് വിവരം. നാളെ രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. അതിനുമുമ്പ് ജാമ്യ ഹര്‍ജിയില്‍ തീരുമാനമുണ്ടാകണമെന്ന് ഇന്ന് സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെടും.