മൂവാറ്റുപുഴ: സര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ സിനിമാ സീരിയില്‍ താരം വിജോ പി. ജോണ്‍സനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിക്ക് മുദ്രാ ലോണ്‍ തരപ്പെടുത്തിക്കൊടുക്കാമെന്ന് വാക്കുനല്‍കി ഏതാണ്ട് പത്തര ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തതായിട്ടാണ് പോലീസ് ഭാഷ്യം. കഴിഞ്ഞ കുറേ ദിവസങ്ങളായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.

തൃശ്ശൂര്‍ കൈപ്പറമ്പ് പഴയങ്ങാടി പാലിയൂര്‍ സ്വദേശിയായ വിജോ മുന്‍പും സമാന കേസുകളില്‍ ശിക്ഷിക്കപ്പെട്ടതായി പോലീസ് പറയുന്നു. മൂവാറ്റുപുഴ സ്വദേശി സലാമില്‍ നിന്നും ഭൂമിയിടപാട് തട്ടിപ്പിലൂടെ 5 ലക്ഷം രൂപ കൈക്കാലാക്കിയതായി ഇയാള്‍ക്കെതിരെ കേസുണ്ട്. ഈ കേസില്‍ അറസ്റ്റ് വാറണ്ട് നിലനില്‍ക്കെയാണ് യുവതിയെ കബളിപ്പിച്ച് പത്തര ലക്ഷം രൂപ തട്ടിയെടുക്കുന്നത്.

സിനിമാ ബന്ധങ്ങള്‍ ഉപയോഗിച്ചും സൗഹൃദം നടിച്ചും അതി വിദഗ്ദ്ധമായി തട്ടിപ്പുകള്‍ നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ മറ്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും തട്ടിപ്പുകളെ സംബന്ധിച്ചും അന്വേഷിച്ചു വരികയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. യുവതിയെ തട്ടിപ്പിനിരയാക്കിയതിന് സമാനമായി നരവധി പേര്‍ ഇയാളുടെ ചതിക്കുഴിയില്‍ വീണതായിട്ടാണ് സൂചന.