കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ വനിതാ ശിശുക്ഷേമ വികസന വകുപ്പിന്‍റെ കീഴില്‍ വരുന്ന സ്കൂള്‍ കൌണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ മാനസികാരോഗ്യ പ്രോഗ്രാമിന്‍റെ ഭാഗമായി സൗജന്യ സൈക്കോ സോഷ്യല്‍ കൌണ്‍സലിംഗ് നടത്തി വരുന്നു. കോവിഡ് 19ന്‍റെ ഭാഗമായി ഐസൊലേഷനിലോ ക്വാറന്റ്റൈനിലോ ഉള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഈ സൗജന്യ സേവനം ഉപയോഗിക്കാവുന്നതാണ്.

ജില്ലയിലെ പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ നിന്നും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ നിന്നും കൊറോണ രോഗ സംശയത്തിന്‍റെ പേരില്‍ ക്വാറന്റ്റൈനില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് ഓരോ വ്യക്തികളെയും ഫോണില്‍ ബന്ധപ്പെട്ട് കൌണ്‍സലിംഗ് നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ കൊണ്ട് ഇത്തരത്തില്‍ ആയിരത്തി അഞ്ഞൂറിലേറെ പേര്‍ക്ക് കൌണ്‍സലിംഗ് നല്‍കാന്‍ കഴിഞ്ഞുവെന്ന് പ്രോഗ്രാം ഓഫീസര്‍ ജെ മായാലക്ഷ്മി പറഞ്ഞു. ഈ സേവനം ആവശ്യമുള്ളവര്‍ക്ക് ഇരുപത്തിനാല് മണിക്കൂറും ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ വിളിക്കാവുന്നതാണ് എന്നും അറിയിക്കുന്നു.