ലണ്ടൻ: വിദേശ നഴ്‌സുമാരെയും ഡോക്ടർമാരെയും വാനോളം പുകഴ്ത്തി ഹോം സെക്രട്ടറി പ്രീതി പട്ടേൽ. കൊറോണ വൈറസിനെ തുരത്തുന്നതിനും യുകെയിലുള്ള മനുഷ്യ ജീവനുകളെ രക്ഷിക്കുന്നതിന് അക്ഷീണം പണിയെടുക്കുന്ന പ്രവാസി നേഴ്‌സുമാർക്കു ആശ്വാസകരമായ സാമ്പത്തിക സഹായം നൽകി നേഴ്‌സുമാരെ ആദരിച്ചിരിക്കുകയാണ് യുകെ ഗവൺമെന്റ്. പ്രവാസികളായ നൂറ് കണക്കിന് മലയാളി നേഴ്‌സുമാർക്കും ഡോക്ടർമാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും എന്നാണ് മലയാളം യുകെ മനസിലാക്കുന്നത്.

യുകെയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സസ്, പാരാമെഡിക്‌സ് വിഭാഗത്തിൽ പെടുന്ന എല്ലാവർക്കും ഒരു വർഷത്തെ ഫ്രീ വിസ ആണ് നീട്ടി നൽകുന്നത്. അതായത് ഈ ഒക്ടോബർ ഒന്നിന് (Before October 1) മുൻപായി വിസ പുതുക്കേണ്ടവർക്ക് ഒരു വർഷത്തെ വിസ ഒരു പൗണ്ട് പോലും നൽകാതെ പുതുക്കിനൽകുമെന്നാണ് പ്രീതി പട്ടേൽ ഇന്ന് പറഞ്ഞത്. ഇത് മൂലം കൊറോണ വൈറസിനെ പ്രതിരോധിക്കാനും മനുഷ്യ ജീവനുകളെ രക്ഷപ്പെടുത്താനും അവർക്ക് സാധിക്കുമെന്ന് ഹോം സെക്രട്ടറി പറഞ്ഞു. വിസയെക്കുറിച്ചോ അതിനു വേണ്ട പണത്തെക്കുറിച്ചോ വിഷമിക്കാതെ ജോലിയിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ അവർക്കു സാധിക്കുമെന്നും ഹോം സെക്രട്ടറി പ്രത്യാശ പ്രകടിപ്പിച്ചു.

ഇത് ഏതാണ്ട് 2800 അധികം നാഷണൽ ഹെൽത്ത് സെർവീസിലെ ജോലിക്കാർക്ക് പ്രയോജനപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഈ ആനുകൂല്യം ജോലി ചെയ്യുന്നവർക്ക്‌ മാത്രമല്ല മറിച്ചു കുടുംബത്തിലെ എല്ലാവര്ക്കും ആണ് ഫ്രീ ആയി വിസ പുതുക്കി നൽകുന്നത്. ഇത്തരുണത്തിൽ നോക്കിയാൽ നാല് അംഗങ്ങൾ ഉള്ള ഒരു കുടുംബത്തിന് ഹെൽത്ത് സർചാർജ് ആയി ഒരു വർഷത്തേക്ക് നൽകേണ്ടത് 2500 റോളം പൗണ്ടാണ്. ഇത് കൂടാതെ വിസ പുതുക്കലിനായി നൽകേണ്ടത് ആളൊന്നിന് നൽകേണ്ടത് 500 പൗണ്ട് വീതമാണ്. ഇത് മൂന്ന് വർഷത്തേക്ക് ആണ് എന്ന് മാത്രം.

ഇതിനെല്ലാം ഉപരിയായി വിസയിലുള്ളവർക്ക് ഓവർടൈം ജോലിചെയ്യുന്നതിൽ വിലക്കുണ്ടായിരുന്നു. പുതിയ അറിയിപ്പ് അനുസരിച്ചു വിസയിലുള്ളവർക്ക് ആവശ്യാനുസൃതം ജോലി ചെയ്യാനുള്ള അനുവാദവും നൽകിയിരിക്കയാണ്.

വിദേശിയരായ ഡോക്ടർമാരും നേഴ്‌സുമാരും യുകെയിൽ ചെയ്യുന്ന ജോലിക്ക് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു എന്നും ഇത് അവർക്കുള്ള ഞങ്ങളുടെ നന്ദി സൂചകമായ സമ്മാനം ആണ് എന്നും ഹോം സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു.

എന്നാൽ രണ്ട് ദിവസത്തെ മരണ സംഖ്യയിലെ കുറവ് കണ്ട് ആശ്വസിച്ച അധികാരികളെ ആശങ്കയിലാക്കി വീണ്ടും മരണനിരക്ക് ഇന്ന് വർദ്ധിച്ചു. 381 പേരുടെ മരണ  വിവരമാണ് ഇന്ന് പുറത്തു വന്നത് .