ലണ്ടന്‍: ചരിത്രത്തിലാദ്യമായി ഒരു ഫ്രഞ്ച് ബ്രിഗേഡിയര്‍ ബ്രിട്ടീഷ് കരസേനയുടെ ഡെപ്യൂട്ടി കമാന്‍ഡറാകുന്നു. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ഈ സൈനിക കൈമാറ്റം. ഇതുവരെ ഈ ഉദ്യോഗസ്ഥന്റെ പേര് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഏപ്രില്‍ മാസത്തോട ഇദ്ദേഹം ചുമതലയേല്‍ക്കുമെന്നാണ് സൂചന. ബ്രിട്ടീഷ് സേനയുടെ കമാന്റിംഗ് ഓഫീസര്‍ അവധിയില്‍ പ്രവേശിക്കുന്ന പശ്ചാത്തലത്തിലാണ് ഇദ്ദേഹം ചുമതലയേല്‍ക്കുക എന്നും അധികൃതര്‍ വ്യക്തമാക്കി.  ഇതിന് പകരമായി ബ്രിട്ടീഷ് കേണല്‍ നിക് നോട്ടിഗ്ഹാം ഫ്രഞ്ച് സൈന്യത്തില്‍ സമാനപദവിയില്‍ ചുതതലയേല്‍ക്കും. ഇതിന് പുറമെ പതിനേഴോളം പദവികളില്‍ ഇത്തരം ഉദ്യോഗസ്ഥ കൈമാറ്റങ്ങളുണ്ടാകും.
സ്വന്തം നാട്ടിലും വിദേശത്തും ഇവര്‍ ദീര്‍ഘകാലത്തേക്ക് സേവനമനുഷ്ഠിക്കും. രണ്ട് ഡെപ്യൂട്ടി ഡിവിഷണല്‍ കമാന്‍ഡര്‍മാരില്‍ ഒരാളാകും ഏപ്രിലില്‍ ചാര്‍ജെടുക്കുന്നത്. ഫ്രാന്‍സും ബ്രിട്ടണും തമ്മിലുളള സൈനിക സഹകരണം മെച്ചപ്പെടുത്താനായി 2010ലെ കരാര്‍ പ്രകാരമാണ് ഈ നിയമനങ്ങള്‍. അടുത്തിടെയെങ്ങും വിദേശരാജ്യങ്ങളില്‍ ഫ്രഞ്ച് സൈനികര്‍ ബ്രിട്ടീഷ് സൈനികരെ നയിക്കാന്‍ സാധ്യതയില്ല. 2010ല്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും ഡേവിഡ് കാമറൂണുമാണ് കരാറില്‍ ഒപ്പ് വച്ചത്.

ഉദ്യോഗസ്ഥ കൈമാറ്റത്തിന് പുറമെ ആയുധ പങ്ക് വയ്ക്കലും കരാറിന്റെ ഭാഗമായുണ്ട്. പ്രതിരോധ വിപണിയില്‍ ഒന്നിച്ച് ഇടപെടലുകള്‍ നടത്താനും വാണിജ്യ സാങ്കേതിക സഹകരണത്തിനും കരാര്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ ബ്രിഗേഡിയര്‍ ജനറലിനെ ഡെപ്യൂട്ടി കമാന്‍ഡന്റായി നിയോഗിച്ചിരുന്നു. തനിക്ക് ലഭിച്ച ബഹുമതിയാണിതെന്നാണ് അന്ന് സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ പ്രസംഗത്തില്‍ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ബ്രിട്ടീഷ് സൈന്യത്തില്‍ അറുപതോളം ഫ്രഞ്ച് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതില്‍ പതിനേഴ് പേര്‍ കരസേനയിലാണ്.