രാജപുരം മാലക്കല്ല് മുണ്ടാപ്ലാവിൽ ഉറുമ്പേൽ ലിസി ചാക്കോയുടെ വീട്ടിൽ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് അപകടം. ഉറക്കത്തിലായിരുന്ന പിഞ്ചു കുഞ്ഞ് ഉൾപ്പെടെ 5 അംഗം കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. പൊട്ടിത്തെറിയിൽ കോൺക്രീറ്റ് വീടിന്റെ ചുമരുകൾക്ക് വിള്ളൽ വീണു.

വീട്ടുപകരണങ്ങൾ കത്തിക്കരിഞ്ഞു. ഇന്നലെ പുലർച്ചെ 3 ന് ശേഷമാണ് അപകടം നടന്നതെന്ന് കരുതുന്നു. 3 മണിയോടെ തൊട്ടിലിൽ കിടക്കുന്ന കുഞ്ഞ് കരഞ്ഞതിനാൽ വീട്ടുകാർ ഉണർന്നിരുന്നു. പിന്നീട് വാതിൽ കുറ്റിയിട്ട് ഉറങ്ങിയ വീട്ടുകാർ രാവിലെയാണ് റഫ്രിജറേറ്റർ പൂർണമായും കത്തിയമർന്ന നിലയിൽ കണ്ടത്. കംപ്രസർ പൊട്ടിത്തെറിച്ചതാണ് കാരണമെന്ന് കരുതുന്നു. വീട്ടുപകരണങ്ങൾ ഉരുകിയ നിലയിലാണ്. വയറിങ് കത്തിനശിച്ചു. വീട് താമസിക്കാൻ പറ്റാത്ത സ്ഥിതിയിലാണ്.

അടുക്കളയിൽ തന്നെ ഉണ്ടായിരുന്ന 2 ഗ്യാസ് സിലിണ്ടറുകളിലേക്ക് തീ പടർന്നില്ല. അടുക്കളയോടു ചേർന്നുള്ള മുറിയിലാണ് ലിസി ചാക്കോയുടെ മകൾ സോഫിയ, ഭർത്താവ് സജീഷ് ഫിലിപ്, മക്കൾ എന്നിവർ കിടന്നിരുന്നത്. വാതിൽ അടച്ചിരുന്നതിനാൽ തീയും പുകയും അകത്ത് കയറിയില്ല. കള്ളാർ വില്ലേജ് ഓഫിസർ ടി.ഹാരിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണൻ, പഞ്ചായത്തംഗം സെന്റി മോൻ മാത്യു എന്നിവർ സ്ഥലം സന്ദർശിച്ചു.

അപകടം അകറ്റാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. 6 മാസത്തില്‍ ഒരിക്കല്‍ കംപ്രസര്‍ കോയിലുകള്‍ വൃത്തിയാക്കണം.
2. വോള്‍ട്ടേജ് വ്യതിയാനം ഒഴിവാക്കാന്‍ നിലവാരമുള്ള സ്റ്റെബിലൈസര്‍ സ്ഥാപിക്കണം.
3. പഴക്കം ചെന്ന പവര്‍ പ്ലഗ് പോയിന്റുകളില്‍ റഫ്രിജറേറ്റര്‍ കണക്ട് ചെയ്യരുത്.
4. വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളിലും, ചൂട് കൂടുതലുള്ള അടുക്കളയിലും ഫ്രിജ് സ്ഥാപിക്കരുത്.
5. വീട്ടിലെ വയറിങ് കേടു വന്നിട്ടില്ലെന്ന് ഉറപ്പാക്കാം
6.റഫ്രിജറേറ്ററിലെ ഡീഫോസ്റ്റ് സംവിധാനം മാസത്തില്‍ ഒരിക്കല്‍ പ്രവര്‍ത്തിപ്പിക്കണം.
7. റഫ്രിജറേറ്ററിനു പിന്നില്‍ ആവശ്യത്തിനു വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പാക്കണം.