യുകെയിലെ ഫാമുകളില്‍ നിന്ന് വന്‍തോതില്‍ പഴങ്ങളും പച്ചക്കറികളും പാഴാക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. പതിനായിരക്കണക്കിന് ടണ്ണോളം പഴങ്ങളും പച്ചക്കറികളും പാഴാക്കപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍തോതില്‍ ഉത്പാദന നിരക്ക് വര്‍ദ്ധിപ്പിച്ചതാണ് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പാഴായിപ്പോകാന്‍ കാരണം. ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചതില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സ്വാധീനമുണ്ടെന്ന് ഫുഡ് ആന്റ് എന്‍വിയോണ്‍മെന്റ് ചാരിറ്റി ഫീഡ്ബാക്ക് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിപണിയിലെ ഏതാണ്ട് 85 ശതമാനത്തോളം വ്യാപാരത്തെ നിയന്ത്രിക്കുന്നത് സൂപ്പര്‍ മാര്‍ക്കറ്റുകളാണ്. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പാഴായി പോകുന്നതിലൂടെ നഷ്ടം സഹിക്കേണ്ടി വരുന്നത് കര്‍ഷകര്‍ക്കായിരിക്കുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഉല്‍പ്പന്നങ്ങള്‍ പാഴായി പോകുന്നത് മൂലവും അനുബന്ധ ചെലവ് മൂലവും ഉണ്ടാകുന്ന നഷ്ടം കര്‍ഷകര്‍ക്കായിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 37,000 ടണ്‍ പഴങ്ങളും പച്ചക്കറികളുമാണ് ഒരു വര്‍ഷത്തില്‍ പാഴായി പോകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം ഉല്‍പാദനത്തിന്റെ ഏതാണ്ട് 16 ശതമാനത്തോളമാണ് പാഴാവുന്നത്.

സാധാരണഗതിയില്‍ ഒരാള്‍ ഉപയോഗിക്കുന്ന പഴം, പച്ചക്കറി എന്നിവയുടെ അളവെടുത്താല്‍ പാഴായിപ്പോകുന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഏതാണ്ട് 2,50,000 പേര്‍ക്ക് ഒരു വര്‍ഷം ഉപയോഗിക്കാന്‍ കഴിയുമെന്ന് പഠനം പറയുന്നു. ഏകദേശ കണക്കെടുത്താല്‍ ബര്‍മിങ്ഹാം അല്ലെങ്കില്‍ മാഞ്ചസ്റ്റര്‍ സിറ്റികളിലെ മൊത്തം ആവശ്യകതയുടെ അത്രയും പഴങ്ങളും പച്ചക്കറികളും പാഴായി പോകുന്നതായി ഫീഡ്ബാക്ക് നടത്തിയ പഠനത്തില്‍ പറയുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വെച്ച് പാഴായിപ്പോകുന്ന പഴം, പച്ചക്കറികള്‍ എന്നിവയുടെ അളവ് കുറയ്ക്കുന്നതില്‍ ഗൗരവപൂര്‍വമായി ഇടപെടലുകള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് പഠനം പറയുന്നു. ഫാമുകള്‍ തങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലും ഉത്പന്നങ്ങള്‍ പാഴായി പോകുന്നുണ്ടോയെന്ന് ശ്രദ്ധിക്കണമെന്നും പഠനം പറയുന്നു.

സര്‍വ്വേയില്‍ പങ്കെടുക്കുന്ന കര്‍ഷകരില്‍ പകുതി പേരും ഉദ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടാകുന്നതായി പറയുന്നു. ഇവ സമയത്ത് മാര്‍ക്കറ്റുകളിലെത്തിച്ചില്ലെങ്കില്‍ വിപണി നഷ്ടമാകുമോയെന്ന ഭയം മൂലം ഉദ്പാദനം വര്‍ദ്ധിപ്പിക്കുകയാണ് പതിവെന്ന് കര്‍ഷകര്‍ പറയുന്നു. സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ഉദ്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളുമൊക്കെ നിറത്തിന്റെയും ആകൃതിയുടെയുമൊക്കെ പേരില്‍ വിപണിയില്‍ നിന്ന് ഒഴിവാക്കപ്പെടാറുണ്ട്. അത്തരത്തില്‍ ഒഴിവാക്കപ്പെടുന്നവ പിന്നീട് പാഴായി പോകുകയാണ് പതിവെന്നും കര്‍ഷകര്‍ പറയുന്നു. കുറഞ്ഞ വിലയില്‍ മറ്റിടങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്ന സമയത്ത് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കുന്നത് മൊത്തക്കച്ചവടക്കാര്‍ നിര്‍ത്താറുണ്ടെന്ന് പഠനം നടത്തിയ പകുതിയിലേറെ കര്‍ഷകരും പ്രതികരിച്ചു.