ആഗോള ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച; എഫ്ടിഎസ്ഇ 100 സൂചികയില്‍ നാലു മണിക്കൂറിനുള്ളില്‍ നഷ്ടമായത് 26 ബില്യന്‍ പൗണ്ട്!

ആഗോള ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച; എഫ്ടിഎസ്ഇ 100 സൂചികയില്‍ നാലു മണിക്കൂറിനുള്ളില്‍ നഷ്ടമായത് 26 ബില്യന്‍ പൗണ്ട്!
October 12 05:25 2018 Print This Article

ആഗോള ഓഹരി വിപണികളില്‍ വന്‍ ഇടിവ്. അമേരിക്കന്‍ സ്‌റ്റോക്കുകളില്‍ കഴിഞ്ഞ എട്ടു മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവ് ആഗോള മാര്‍ക്കറ്റിനെ സാരമായി ബാധിച്ചു. എഫ്ടിഎസ്ഇ 100 സൂചികയില്‍ മാത്രം 26 ബില്യന്‍ പൗണ്ടാണ് നഷ്ടമായത്. 113 പോയിന്റാണ് സൂചികയില്‍ ഇടിവുണ്ടായത്. ടെക് കമ്പനികളിലെ നിക്ഷേപമായ ഗോള്‍ഡന്‍ സ്‌റ്റോക്കുകള്‍ വോള്‍ സ്ട്രീറ്റ് ട്രേഡര്‍മാര്‍ കുറഞ്ഞ വിലയ്ക്ക് വന്‍തോതില്‍ വിറ്റഴിച്ചതോടെ ആമസോണ്‍, ആപ്പിള്‍, നെറ്റ്ഫ്‌ളിക്‌സ് എന്നിവയുടെ ഓഹരിമൂല്യം 10 ശതമാനം ഇടിഞ്ഞു. ക്രിപ്‌റ്റോകറന്‍സികളിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബിറ്റ്‌കോയിന്‍ മൂല്യം 300 ഡോളര്‍ ഇടിഞ്ഞ് 6200 ഡോളറിലെത്തി. എഫ്ടിഎസ്ഇ 100 സൂചിക 138.81 പോയിന്റ് നഷ്ടത്തില്‍ 7006.93നാണ് ക്ലോസ് ചെയ്തത്.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയതാണ് വിപണിയില്‍ ഇടിവുണ്ടാകാന്‍ കാരണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. പക്ഷേ വളര്‍ന്നുകൊണ്ടിരിക്കുന്ന വിപണിയുടെ ആഗോള തലത്തിലുള്ള ഒരു കറക്ഷന്‍ നടപടിയാണ് ഈ ഇടിവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അമേരിക്കന്‍ വിപണിയിലുണ്ടായ ഇടിവ് ബ്രിട്ടീഷ് വിപണിയെയും ചോരയില്‍ മുക്കി. ഓഹരികള്‍ കുറഞ്ഞ വിലയില്‍ വിറ്റഴിക്കുന്നത് തുടര്‍ന്നതോടെ എഫ്ടിഎസ്ഇ 100 1.6 ശതമാനം ഇടിഞ്ഞ് ഉച്ചയോടെ 26 ബില്യന്‍ പൗണ്ട് നഷ്ടം രേഖപ്പെടുത്തി. ആഗോള വിപണികളിലെ ഈ ആഘാതം ജപ്പാനിലെ നിക്കി വിപണിയെ നാലു ശതമാനവും ചൈനീസ് വിപണിയെ അഞ്ചു ശതമാനവുമാണ് താഴ്ത്തിയത്.

ആപ്പിള്‍, ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, മൈക്രോസോഫ്റ്റ്, ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് എന്നിവയ്ക്ക് കനത്ത നഷ്ടത്തിന്റെ ദിവസം കൂടിയായിരുന്നു വെള്ളിയാഴ്ച. ബില്യന്‍ കണക്കിന് ഡോളറുകളാണ് ഇവര്‍ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ നഷ്ടമായത്. അമേരിക്കന്‍ ബോണ്ടുകളിന്‍മേലുള്ള ആശങ്കയാണ് നിക്ഷേപകര്‍ ഓഹരികള്‍ വന്‍ തോതില്‍ വിറ്റഴിക്കാന്‍ കാരണമെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles