ബിനോയി ജോസഫ്

മലയാളികൾക്ക് അഭിമാനമായി ഗ്രിംസ് ബിയിലെ മലയാളി സമൂഹം.. ലോകത്തിന്റെ വേദനകളും ആവശ്യങ്ങളും അവരറിയുന്നു.. അത് സ്വന്തം ജീവിതത്തിരക്കിനിടയിൽ അവർ മറക്കുന്നില്ല.. അവരുടെ മനസുകൾ ഉരുവിടുന്നത് സ്നേഹത്തിന്റെ മന്ത്രങ്ങൾ.. ഐക്യത്തോടെ, ലക്ഷ്യം നേടാനായി കഠിനാദ്ധ്വാനം ചെയ്യാനുള്ള ആത്മാർത്ഥത ഇവർക്ക് എന്നും മുതൽകൂട്ട് .. നിസ്വാർത്ഥമായ സേവന പ്രവർത്തനത്തിന് അവർ എന്നും തയ്യാർ.. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഗ്രിംസ് ബിയിലെ മലയാളികൾക്ക് എന്നും സന്തോഷത്തിന്റെ നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.. തങ്ങൾ ജീവിക്കുന്ന സംസ്കാരത്തിൽ അലിഞ്ഞു ചേരാനുള്ള അപൂർവ്വ അവസരങ്ങൾ ഇവർ പാഴാക്കാറേയില്ല.. നേതൃത്വം നല്കാൻ ഡോ. പ്രീതാ തോമസ്.. പൂർണ പിന്തുണയുമായി മറ്റു മലയാളി കുടുംബങ്ങളും..

ചാരിറ്റി വിഭാഗത്തിൽ ഈ വർഷം മലയാളം യുകെയുടെ എക്സൽ അവാർഡ് നേടിയ ഡോ. പ്രീതാ തോമസിന്റെ നേതൃത്വത്തിലാണ് ഇത്തവണ ഗ്രിംസ് ബിയിൽ ചാരിറ്റി ഇവൻറ് സംഘടിപ്പിച്ചത്. മലയാളം യുകെ യംഗ് അംബാസഡർ ഓഫ് ചാരിറ്റിയായി തെരഞ്ഞെടുക്കപ്പെട്ട നിത്യാ ബാലചന്ദ്രയും പൂർണ പിന്തുണയുമായി ഇവൻറിലുണ്ടായിരുന്നു. ഡോ. സുചിത്ര മേനോനായിരുന്നു മാസ്റ്റർ ഓഫ് സെറമണീസ്. ആഫ്റ്റർ നൂൺ ടീ വിത്ത് ഇൻഡ്യൻ ഫ്യൂഷൻ എന്നു പേരിട്ട ഇവൻറിൽ നിന്ന് ലഭിക്കുന്ന ഫണ്ട് യുണിസെഫിന് കൈമാറും. സിറിയയിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്കായി ഈ തുക വിനിയോഗിക്കും. മലയാളി കുടുംബങ്ങളോടൊപ്പം മറ്റ് ഇന്ത്യൻ കുടുംബങ്ങളും ഇവൻറിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. ലോക്കൽ ഇംഗ്ലീഷ് കമ്യൂണിറ്റിയിൽ നിന്നുള്ളവരായിരുന്നു പങ്കെടുത്തവരിൽ ഭൂരിപക്ഷവും. യുകെയിലേക്ക് കുടിയേറിയവരുടെ ഈ ജീവകാരുണ്യ പ്രവർത്തനം ഇംഗ്ലീഷ് സമൂഹത്തിന്റെ മുക്തകണ്ഠ പ്രശംസയ്ക്ക് പാത്രമായി. വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ ഐക്യം കാലത്തിന്റെ ആവശ്യമാണെന്ന് ഇതിൽ പങ്കെടുത്തവർ പറഞ്ഞു.

മൂന്നു മണിക്കൂർ നീണ്ടചാരിറ്റി ഇവന്റ് ഗ്രിംസ് ബിയിലെ ഹംബർ റോയൽ ഹോട്ടലിൽ ഇന്നലെ ജൂൺ 11 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 3.30 മുതൽ 6.30 വരെ ആണ് നടന്നത്. സംഗീതവും നൃത്തവുമായി കലാകാരികളും കലാകാരന്മാരും സ്റ്റേജിൽ നിറഞ്ഞു. ഭരതനാട്യവും മോഹിനിയാട്ടവും കേരളത്തനിമയിൽ സദസിൽ അവതരിപ്പിക്കപ്പെട്ടു. ബോളിവുഡ് ഡാൻസും മലയാളം, ഹിന്ദി ഗാനങ്ങളും സദസ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

അബ്രാഹാം എൻ. അബ്രാഹാം, അമ്പിളി സെബാസ്റ്റ്യൻ, പൂജാ ബാലചന്ദ്ര, കവിതാ തര്യൻ, നക്ഷത്ര ബാലചന്ദ്ര, മെറീന ലിയോ, റൂത്ത് മാത്യൂസ്, റെബേക്കാ മാത്യൂസ്, റിച്ചി മാത്യൂസ്, ഷാരോൺ തോമസ്, ഈവാ മരിയ കുരിയാക്കോസ്, മുരളികൃഷ്ണൻ, നിഷാ ചന്ദ്രശേഖർ, സുവിദ്യാ രാജേന്ദ്രൻ, അഭിഷേക് രാംപാൽ, നെൽസൺ ബിജു എന്നിവർ വിവിധ പരിപാടികൾ സ്റ്റേജിൽ അവതരിപ്പിച്ചു. ഇംഗ്ലീഷ് ട്രൂപ്പായ ദി ഫാമിലി ടൈസ് ഗാനങ്ങൾ ആലപിച്ചു. ജെയ്ൻ ഫോസ്റ്റർ സ്മിത്ത് യൂണിസെഫിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.