ക്രിസ്തുമസ് ആഘോഷത്തിന് തൊട്ടു പിന്നാലെ യുകെ മലയാളികളെ ദുഖത്തിലാഴ്ത്തി ഈ ലോകത്തോട്‌ യാത്ര പറഞ്ഞ അശ്വിന്‍ മോന് ഇന്നലെ പീറ്റര്‍ബോറോയില്‍ യുകെ മലയാളി സമൂഹം വിട നല്‍കി. പീറ്റര്‍ബോറോ സെന്റ്‌ ജൂഡ്സ് ദേവാലയത്തില്‍ ഇന്നലെ അശ്വിന്‍ മോന്‍റെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ ആയിരക്കണക്കിന് മലയാളികളാണ് യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി എത്തി ചേര്‍ന്നത്. ഒരു ചെറിയ മലയാളി സമൂഹം മാത്രം താമസിക്കുന്ന പീറ്റര്‍ബോറോയിലേക്ക് അശ്വിനെ അവസാനമായി ഒരു നോക്ക് കാണാനും അശ്വിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കനുമായി എത്തി ചേര്‍ന്നത് അനേകം പേര്‍ ആയിരുന്നു.
മുന്‍കൂട്ടി നിശ്ചയിച്ചിരുന്നത് പോലെ കൃത്യം ഒരു മണിക്ക് തന്നെ അശ്വിന്‍ മോന്‍റെ കുരുന്നു ശരീരവും വഹിച്ച് കൊണ്ട് ഫ്യുണറല്‍ ഡയരക്ടേഴ്സിന്റെ വാഹനം പള്ളിയങ്കണത്തില്‍ എത്തി ചേര്‍ന്നു. അശ്വിന്‍ മോന്‍റെ ഇഷ്ടപ്പെട്ട കളര്‍ ആയ ഓറഞ്ച് വസ്ത്രം ധരിച്ച് നിന്ന കുട്ടികളുടെ നടുവില്‍ കൂടി അശ്വിന്റെ മൃതദേഹപേടകം പള്ളിയുടെ ഉള്ളിലേക്ക് കൊണ്ട് വന്നപ്പോള്‍ കൂടി നിന്നവരുടെയെല്ലാം കണ്ണുകള്‍ നിറഞ്ഞു. പള്ളിയില്‍ വച്ച പൊന്നു മോന്‍റെ മൃതദേഹത്തിന് സമീപം ഇരുന്ന പിതാവ് ജെനുവിനെയോ മാതാവ് ലിന്‍ഡയേയോ എങ്ങിനെ ആശ്വസിപ്പിക്കണം എന്ന്‍ ആര്‍ക്കും അറിയില്ലായിരുന്നു.

as2

വിടവാങ്ങല്‍ ചടങ്ങുകള്‍ക്ക് ഓര്‍ത്തഡോക്സ് സഭാ വൈദികന്‍ റവ. ഫാ. ജോയ് ജോര്‍ജ്ജ് മുഖ്യ കാര്‍മ്മികന്‍ ആയിരുന്നു. ഫാ. അനൂപ്‌ എബ്രഹാം, പള്ളി വികാരി ടോം ജേക്കബ് എന്നിവര്‍ സഹ കര്‍മ്മികരായി. ഇവരെ കൂടാതെ വിവിധ ഇടവകകളില്‍ നിന്നായി എത്തിയ ഫാ. ഡോ. തോമസ്‌ ഫിലിപ്പ്, ഫാ. അബ്രഹാം മാത്യു, ഫാ. വിനോജ് വര്‍ഗീസ്‌, ഫാ. വില്‍ ക്രോഫ്റ്റ്, പാസ്റ്റര്‍ എബ്രഹാം വര്‍ഗീസ്‌, പാസ്റ്റര്‍ സാമുവേല്‍ എന്നിവരും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

അശ്വിനെ പാലിയേറ്റീവ് കെയറില്‍ ശുശ്രൂഷിച്ചിരുന്ന മിസ്സിസ് ഹെലനും, കെയറര്‍മാരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. അശ്വിന്‍ വളരെ ധൈര്യശാലിയായ കുട്ടിയായിരുന്നു എന്ന്‍ ഇവര്‍ ഓര്‍മ്മിച്ചു. അശ്വിന്‍ പഠിച്ചിരുന്ന പീറ്റര്‍ബോറോ സേക്രഡ് ഹാര്‍ട്ട് സ്കൂളില്‍ നിന്നും ഹെഡ് ടീച്ചര്‍ മിസ്റ്റര്‍ കൂപ്പറുടെ നേതൃത്വത്തില്‍ എല്ലാ അദ്ധ്യാപകരും എത്തിയിരുന്നു.

as3

അശ്വിന്റെ കുടുംബം മുന്‍പ് താമസിച്ചിരുന്ന വാറ്റ്ഫോര്‍ഡില്‍ നിന്നും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ വൈസ് പ്രസിഡണ്ട് സണ്ണിമോന്‍ മത്തായിയുടെ നേതൃത്വത്തില്‍ വളരെയധികം മലയാളികള്‍ എത്തി ചേര്‍ന്നിരുന്നു. പീറ്റര്‍ബോറോ മലയാളികള്‍ക്കൊപ്പം സംസ്കാര ചടങ്ങിനാവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും വാറ്റ്ഫോര്‍ഡ് മലയാളികളും കൂടെയുണ്ടായിരുന്നു.

സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ലെയിന്‍, സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് കേംബ്രിഡ്ജ്, ഇമ്മാനുവല്‍ പ്രയര്‍ ഗ്രൂപ്പ് പീറ്റര്‍ബോറോ, സെന്റ്‌ മാര്‍ത്തോമാ ചര്‍ച്ച് പീറ്റര്‍ബോറോ, സീനായ് മാര്‍ത്തോമാ ചര്‍ച്ച് ഹാരോ, ഹോളി സ്പിരിറ്റ് ചര്‍ച്ച് പീറ്റര്‍ബോറോ, കേരള കാത്തോലിക് കമ്മ്യൂണിറ്റി ഓഫ് പീറ്റര്‍ബോറോ, കെസിഎഫ് വാറ്റ്ഫോര്‍ഡ്, ചൈതന്യ കള്‍ച്ചറല്‍ അസോസിയേഷന്‍ പീറ്റര്‍ബോറോ, സെന്റ്‌ഗ്രിഗോറിയോസ് ജാക്കൊബൈറ്റ് ചര്‍ച്ച് പീറ്റര്‍ബോറോ, എക്യുമെനിക്കല്‍ പ്രയര്‍ ഗ്രൂപ്പ് പീറ്റര്‍ബോറോ, ബ്രിസ്റ്റോള്‍ മാര്‍ത്തോമ ചര്‍ച്ച്, സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ് ചര്‍ച്ച് ലണ്ടന്‍, ഹാര്‍പ്പ് ലെയര്‍ മ്യൂസിക് അക്കാദമി, ബഥേല്‍ പെന്തക്കോസ്ത് ചര്‍ച്ച് കേംബ്രിഡ്ജ് തുടങ്ങിയവയുടെ ഒക്കെ പ്രതിനിധികള്‍ വിടവാങ്ങല്‍ ചടങ്ങില്‍ പങ്കെടുക്കുകയും പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കുകയും ഉണ്ടായി.

as4

രണ്ട് വര്‍ഷം മുന്‍പ് അശ്വിന്റെ രോഗം തിരിച്ചറിഞ്ഞത് മുതല്‍ അശ്വിന്‍ മോന് വേണ്ടി പ്രാര്‍ത്ഥിക്കുകയും അവനെ സ്നേഹിക്കുകയും ചെയ്ത എല്ലാവരും തന്നെ ഇന്നലെ നിറകണ്ണുകളോടെ പീറ്റര്‍ബോറോ സെന്റ്‌ ജൂഡ് ദേവാലയത്തില്‍ എത്തിയിരുന്നു. അശ്വിന്റെ കുടുംബത്തിന് വേണ്ടി കുടുംബ സുഹൃത്ത് സതീഷും ഇടവകാ സമൂഹത്തിന് വേണ്ടി വികാരി ടോം ജേക്കബും കൃതജ്ഞത അറിയിച്ചു.

as5

ബുധനാഴ്ച അശ്വിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. അശ്വിന്റെ കുടുംബവും സുഹൃത്ത് സജിയും മൃതദേഹത്തെ അനുഗമിച്ച് നാട്ടിലേക്ക് പോകും. ഒന്‍പതാം തീയതി ശനിയാഴ്ച മാവേലിക്കരയിലെ കുറത്തിക്കാട് സെന്റ്‌ ജോണ്‍സ് മലങ്കര പള്ളിയില്‍ വച്ചാണ് സംസ്കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 00919287200595, 00919048824253 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

as6