മരണം.. ജീവനോടെ ഇരിക്കുന്ന എല്ലാവരേം തേടി എത്തുന്ന ഒരേയൊരു അതിഥി. ഉള്‍കൊള്ളാന്‍ കഴിയാത്ത ആ സത്യം ഓര്‍ക്കാന്‍ പോലും ആരും ഇഷ്ടപെടാറില്ല. പക്ഷെ മനുഷ്യൻ എന്നും മരണത്തെ പറ്റി ചിന്തിക്കും, മരണത്തെ ഉള്‍കൊള്ളാന്‍ അവന്‍ പഠിക്കാൻ എത്ര സമയം എടുക്കും എന്ന് പറയുക അസാധ്യം. ഒരാളുടെ മരണവാര്‍ത്ത പോലും നമ്മളെ ദിവസങ്ങളോളം അസ്വസ്ഥനാക്കുന്നു.  തങ്ങളെ ഏറെ സ്‌നേഹിച്ചിരുന്ന മക്കളുടെ വേര്‍പാട് സഹിക്കാന്‍ കഴിയാതെ പൊട്ടി കരയുന്ന രക്ഷകർത്താക്കൾ.  യഥാര്‍ത്ഥ ജീവിതത്തിലേക്ക് കടക്കും മുമ്പ് മകനെ നഷ്ടമായ അച്ഛനമ്മമാർ… അവസാന നിമിഷം വെള്ളം തരാന്‍ ഇവനുണ്ട് ഞങ്ങള്‍ക്ക് എന്ന് കരുതി സമാധാനത്തോടെ ഇത്രേം കാലം ജീവിച്ച മാതാപിതാക്കള്‍. ദൈവം ചിലപ്പോള്‍ ഒക്കെ ഇങ്ങനെ ആണ്. ജീവിതം ജീവിക്കാന്‍ തുടങ്ങുന്നതിനു മുമ്പുതന്നെ ചിലതൊക്കെ തിരിച്ചെടുക്കും…

ഓസ്ട്രിയയിലെ വിയന്നയില്‍ മരിച്ച ബോള്‍ട്ടണിലെ ജേസന്റെയും ജോയലിന്റെയും മൃതദേഹങ്ങള്‍ നൂറുകണക്കിന് മലയാളികളുടെ സാന്നിധ്യത്തിൽ ബോള്‍ട്ടണിലെ ഓവര്‍ ടൈന്‍ സെമിത്തേരിയിലെ ആറടി മണ്ണില്‍ അലിഞ്ഞു ചേര്‍ന്നു .ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളി സമൂഹവും ജേസന്റെയും ജോയലിന്റെയും സഹപാഠികളും അധ്യാപകരും ദേശീയ പ്രാദേശിക മാധ്യമങ്ങളും നാട്ടുകാരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബന്ധുക്കളും ഒക്കെ കൊണ്ട് തിങ്ങി നിറഞ്ഞ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് പള്ളിയില്‍ ഇന്നലെ കണ്ടത് വികാര നിര്‍ഭരമായ രംഗങ്ങള്‍. രാവിലെ പത്തിന് മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള പേടകങ്ങള്‍ എത്തിയപ്പോള്‍ തന്നെ കൂടി നിന്നവര്‍ വിഷാദത്തിൽ മുങ്ങി.

ഫുട്‌ബോള്‍ കളി ഏറെ ഇഷ്ടപ്പെട്ടിരുന്ന ജേസന്റെ മൃതദേഹ പേടകത്തിന് മുകളില്‍ ചുവന്ന ഒരു ഫുട്ബാള്‍ സ്ഥാപിച്ചിരുന്നു. ഇരുവര്‍ക്കുമായി തയാറാക്കിയിരുന്ന പുഷ്പാലങ്കാരങ്ങളും എല്ലാം ഒരേ നിറത്തിലും ഒരേ തരത്തിലും ആയിരുന്നു കുടുംബം ക്രമീകരിച്ചിരുന്നത്, പള്ളിയും പരിസരങ്ങളും എല്ലാം വെളുത്ത ലില്ലി പൂക്കള്‍ കൊണ്ട് പ്രത്യേകമായി അലങ്കരിച്ചിരുന്നു. ജേസന്റെ ഇളയ സഹോദരന്‍ ജെന്‍സണ്‍ ഇരുവരെയും കുറിച്ച് നടത്തിയ നിറമുള്ള ഓര്‍മ്മകള്‍ ഇനിയുള്ള നാളുകളില്‍ തനിക്കു താങ്ങും തണലും ആയി കൂടെ ഉണ്ടാകും എന്നു പങ്കുവച്ചപ്പോള്‍ ഏവരുടെയും കണ്ണുകള്‍ അവരറിയാതെ നിറഞ്ഞുപോയി.

ഇരുവരുടെയും ബന്ധുവായ സിയാന്‍ ഇവരെക്കുറിച്ചുള്ള ഓര്‍മ്മയില്‍ എഴുതിയ കവിതയുമായാണ് ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ എത്തിയത്ഇ. ഇരുവരുടെയും സഹപാഠികളും നിരവധി ഇംഗ്ലീഷ് സുഹൃത്തുക്കളും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു . തിരുവല്ല അതിരൂപത ആര്‍ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് പിതാവിന്റെ കാര്‍മികത്വത്തില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ഫാ. ഹാപ്പി ജേക്കബ്, ഫാ. അജി ജോണ്‍. ഫാ. രഞ്ജിത്ത്, ഫാ. വര്‍ഗീസ് മാത്യു എന്നിവര്‍ സഹ കാര്‍മ്മികന്‍ ആയി. ബോള്‍ട്ടന്‍ മലയാളികളുടെ കൂട്ടായ്മയും , സാഹോദര്യവും കൂട്ടിയിണക്കിയ ദിനം കൂടി ആയിരുന്നു ഇന്നലെ.എല്ലാ കാര്യങ്ങളും ക്രമീകരിക്കുവാനും, സംസ്‌കാര ശുശ്രൂഷകള്‍ ആദ്യാവസാനം ഒരു കുറവും കൂടാതെ നടത്താനും ബോൾട്ടൻ മലയാളികള്‍ ഒത്തുചേർന്ന് ചേര്‍ന്ന് നില്‍ക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്.