മലയാള സിനിമയിലെ താരരാജാക്കന്മാർക്കെതിരെ പരസ്യ വിമർശനവുമായി മന്ത്രി ജി സുധാകരൻ. തിരുവനന്തപുരത്ത് കോട്ടൺഹിൽ സ്കൂളിൽ വിദ്യാർത്ഥികളുടെ ചലചിത്രോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രി ജി സുധാകരന്റെ വിമർശനം.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിസ്ഥാനത്തുളള നടൻ ദിലീപിനെ പരോക്ഷമായി വിമർശിച്ചാണ് മന്ത്രിയുടെ പ്രസ്താവന വന്നത്. മലയാള സിനിമയിലെ താരരാജാക്കന്മാർക്ക് അൽപ്പത്തരമെന്നായിരുന്നു പ്രധാന വിമർശനം. ഇത്തരക്കാർ ചാർളി ചാപ്ലിനെ കണ്ട് പഠിക്കേണ്ടതുണ്ടെന്നും മന്ത്രി വിമർശിച്ചു.

മലയാളത്തിലെ താരരാജാക്കന്മാർ ചാർളി ചാപ്ലിനെ പോലുളള മഹാനടന്മാരെ കണ്ടാണ് പഠിക്കേണ്ടത്. അവരാരും സ്ത്രീകളെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചിട്ടില്ലെന്ന് പറഞ്ഞ മന്ത്രി താരസംഘടനയായ അമ്മയ്ക്ക് നേരെയും വിമർശനം ഉന്നയിച്ചു.

ചാപ്ലിനെ പോലുളള മഹാനടന്മാർ അമ്മ പോലെ സംഘടനയുണ്ടാക്കി അതിൽ നിന്ന് മക്കളെ പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. മലയാള സിനിമയിൽ ഇപ്പോഴുളള ചില പ്രവണതകൾ കുട്ടികളെ വഴിതെറ്റിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.