താരസംഘടനയായ അമ്മയ്‌ക്കെതിരെ നടനും എംഎല്‍എയുമായ ഗണേഷ്‌കുമാര്‍. നടിക്ക് ക്രൂരമായ അനുഭവം ഉണ്ടായപ്പോള്‍ താരസംഘടന മൗനം പാലിച്ചു. വിഷയത്തില്‍ അമ്മ ഗൗരവമായി ഇടപെട്ടില്ല. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം അമ്മയ്‌ക്കെഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.

അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് താരങ്ങള്‍ എല്ലാവരും അവരവരുടെ കാര്യം നോക്കണമെന്നും പ്രസിഡന്റ് ഇന്നസെന്റിന് എഴുതിയ 13 പേജുളള കത്തില്‍ ഗണേഷ്‌കുമാര്‍ വിശദമാക്കുന്നു. ദിലീപിനെ വേട്ടയാടിയപ്പോള്‍ അമ്മ നിസംഗത പാലിച്ചു. പ്രസിഡന്റ് ഇന്നസെന്റിനോട് ഈ വിഷയത്തില്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നിലപാട് സ്വീകരിച്ചില്ല. മമ്മൂട്ടിയുടെ വീട്ടില്‍ പേരിന് യോഗം ചേര്‍ന്ന് ഒരു തിരക്കഥാകൃത്തിനെ കൊണ്ട് പ്രസ്താവന പുറപ്പെടുവിക്കുകയാണ് ചെയ്തതെന്നും ഗണേഷ് കുമാര്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു. ഇന്നസെന്റിനും രൂക്ഷവിമര്‍ശനമാണ് കത്തിലുടനീളം. അമ്മ വാര്‍ഷിക യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയായ കെ ബി ഗണേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ചിരുന്നു.ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹന്‍ലാലും വേദിയിലിരിക്കേയാണ് മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുകേഷും ഗണേഷും എത്തിയത്.