കേപ്ടൗൺ ടെസ്റ്റിലെ ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് സൗവ് ഗാംഗുലി. അജിന്‍ക്യ രഹാനെയെ ടീമിൽ ഉള്‍പ്പെടുത്തണമെന്നും മുന്‍ നായകന്‍ ആവശ്യപ്പെട്ടു. അതിനിടെ രഹാനെ ന്യൂലാന്‍ഡ്സിൽ, പരിശീലനത്തിന് ഇറങ്ങി.

വിരാട് കോലിയുടെ ഈ വാദം തള്ളിക്കളയുകയാണ് സൗരവ് ഗാംഗുലി, സമീപകാല ഫോം എന്ന ന്യായം പറഞ്ഞ് രോഹിത് ശര്‍മ്മയെയും ശിഖര്‍ ധവാനെയും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ടീമിലെടുത്തത് ശരിയായില്ല. വിദേശത്ത് മികച്ച റെക്കോര്‍ഡുള്ള അജിന്‍ക്യ രഹാനെയെയും ഓസ്ട്രേലിയക്കെതിരെ തിളങ്ങിയ കെ എൽ രാഹുലിനെയും അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തണം. ഇന്ത്യന്‍ മുന്‍ നായകന്‍ പറഞ്ഞു. അതേസമയം നായകന്‍റെ വിശ്വസ്തരായ ധവാനെയും രോഹിത്തിനെയും അടുത്ത ടെസ്റ്റിൽ ഒഴിവാക്കുമോയെന്ന് സംശയമുണ്ടെന്നും ഗാംഗുലി ഒരു ദേശീയ മാധ്യമത്തോട് അഭിപ്രായപ്പെട്ടു. കേപ് ടൗൺ ടെസ്റ്റിലെ രണ്ടു ഇന്നിംഗ്സിലായി ധവാന്‍ 32ഉം
രോഹിത്ത് 21ഉം റൺസ് മാത്രമാണെടുത്തത്.

അതിനിടെ അജിന്‍ക്യ രഹാനെ, കെ എൽ രാഹുല്‍, ഇഷാന്ത് ശര്‍മ്മ, പാര്‍ത്ഥിവ് പട്ടേൽ എന്നിവര്‍ ന്യൂലാന്‍ഡ്സിൽ നെറ്റ്സ് പരിശീലനത്തിനിറങ്ങി . ബാറ്റിംഗ് പരിശീലകന്‍ സ‍ഞ്ജയ് ബാംഗര്‍, ഫീല്‍ഡിംഗ് കോച്ച് ശ്രീധര്‍ എന്നിവരുടെ മേൽനോട്ടത്തില്‍ ആയിരുന്നു ഒന്നര മണിക്കൂര്‍ നീണ്ട പരിശീലനം. ശനിയാഴ്ചയാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.