എനര്‍ജി കമ്പനികള്‍ നിരക്കു വര്‍ദ്ധന നടപ്പാക്കിയതിനു പിന്നാലെ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി ഓഫ്‌ജെം നടപടി. വേരിയബിള്‍ താരിഫുകളില്‍ ഉപഭോക്താക്കളില്‍ നിന്ന് കമ്പനികള്‍ക്ക് ഈടാക്കാനാകുന്ന തുകയുടെ പരിധിയില്‍ 47 പൗണ്ടിന്റെ വര്‍ദ്ധന വരുത്തി. എനര്‍ജി ഹോള്‍സെയില്‍ വിലയിലുണ്ടായ വര്‍ദ്ധനയാണ് ഈ നിരക്ക് ഉയര്‍ത്താന്‍ റെഗുലേറ്ററെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ഇതോടെ സേഫ്ഗാര്‍ഡ് താരിഫ് തുക ഒക്ടോബറോടെ 1136 പൗണ്ടാകുമെന്ന് ഓഫ്‌ജെം പറഞ്ഞു. എണ്ണവിലയിലുണ്ടാകുന്ന വര്‍ദ്ധന മൂലമാണ് ഈ ക്യാപ് ഉയര്‍ത്തുന്നതെന്നും ഓരോ യൂണിറ്റ് എനര്‍ജിക്കും പരമാവധി വില നിശ്ചയിക്കാനാണ് ഇത് കൊണ്ടുവരുന്നതെന്നുമാണ് വിശദീകരണം.

ഏതു വിധത്തിലായാലും വില വര്‍ദ്ധിക്കുന്നത് നിര്‍ഭാഗ്യകരം തന്നെയാണ്. എന്നാല്‍ ഈ ക്യാപ് വര്‍ദ്ധിപ്പിക്കുന്നതോടെ ഗ്യാസ്, ഇലക്ട്രിസിറ്റി വിതരണത്തില്‍ യഥാര്‍ത്ഥ നിരക്ക് മാത്രമേ ഉപഭോക്താവിന് നല്‍കേണ്ടി വരികയുള്ളുവെന്ന് ഓഫ്‌ജെം ചീഫ് എക്‌സിക്യൂട്ടീവ് ഡെര്‍മോട്ട് നോളന്‍ പറഞ്ഞു. മാര്‍ക്കറ്റില്‍ കുറഞ്ഞ നിരക്കിലുള്ള എനര്‍ജി ദാതാക്കളുണ്ടെന്നും ചെലവു കുറയ്ക്കാന്‍ അവയിലേക്ക് മാറാവുന്നതാണെന്നും ഓഫ്‌ജെം ചീഫ് പറഞ്ഞു. കോംപറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്‌സ് അതോറിറ്റി നിര്‍ണ്ണയിക്കുന്ന മാനദണ്ഡമനുസരിച്ച് വര്‍ഷത്തില്‍ രണ്ടു തവണയാണ് ഓഫ്‌ജെം താരിഫില്‍ മാറ്റം വരുത്താറുള്ളത്.

സേഫ്ഗാര്‍ഡ് താരിഫ് ഓരോ യൂണിറ്റ് എനര്‍ജിക്കും മൂല്യപരിധി നിര്‍ണ്ണയിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഇത് മൊത്തം ബില്ലിനെയായിരിക്കില്ല ബാധിക്കുന്നത്. ഉപഭോഗത്തിനനുസരിച്ച് പ്രീപെയ്‌മെന്റ് ഉപഭോക്താക്കളുടെ നിരക്കിലും മാറ്റം വന്നുകൊണ്ടിരിക്കും. സമ്മറില്‍ എനര്‍ജി കമ്പനികള്‍ പല തവണ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഓഫ്‌ജെം നടപടി.