ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനാല്‍ അങ്കത്തിന് തിരികൊളുത്തുന്ന് കാണാന്‍ ആരാധകര്‍ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വരും. ഇതിനിടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. മലയാളി താരം സഞ്ജു സാംസണിനെ ചൂണ്ടിക്കാണിച്ചാണ് ഗംഭീറിന്റെ മുന്നറിയിപ്പ്.

”ഋഷഭ് പന്ത് എന്നും ആവേശം പകരുന്ന താരമാണ്. പക്ഷെ എന്റെ ഫേവറേറ്റായ സഞ്ജുവിനെ അവന്‍ ശ്രദ്ധിക്കണം. സഞ്ജു ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്” ഗംഭീര്‍ പറയുന്നു. നേരത്തെ തന്നെ സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് എടുക്കണമെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു.

ധോണിയ്ക്ക് പകരക്കാരനായി ഇന്ത്യന്‍ ടീം നോക്കി കാണുന്നത് പന്തിനെയാണ്. ഈ സാഹചര്യത്തിലാണ് ഗംഭീറിന്റെ പ്രസ്താവന. പന്ത് സ്ഥിരത പുലര്‍ത്താത്തതാണ് ഗംഭീറിനെ മാറി ചിന്തിപ്പിക്കുന്നത്. ഐപിഎല്ലിലേയും ഇന്ത്യ എയ്ക്ക് വേണ്ടിയുള്ള പ്രകടനങ്ങളുമാണ് സഞ്ജുവിനെ ദേശീയ ശ്രദ്ധയിലെത്തിക്കുന്നത്.

അതേസമയം, ഇന്ത്യന്‍ ടീമിലേക്കുള്ള വിളി വരുമെന്ന് പ്രതീക്ഷയുണ്ടെന്ന് സഞ്ജു സാംസണ്‍ പറയുന്നു. എപ്പോള്‍ വേണമെങ്കില്‍ വേണമെങ്കിലുമൊരു വിളി വരാമെന്നും അതിനായി തയ്യാറായി ഇരിക്കാനാണ് ശ്രമിക്കുന്നതെന്നും സഞ്ജു പറഞ്ഞു. കാര്യവട്ടത്ത് ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മത്സരത്തിലെ പ്രകടനമാണ് സഞ്ജുവിന് ആത്മവിശ്വാസം നല്‍കുന്നത്.

തന്നെ കുറിച്ച് മുന്‍ താരങ്ങളായ ഗൗതം ഗംഭീര്‍, ഹര്‍ഭദന്‍ സിങ് തുടങ്ങിയവര്‍ സംസാരിക്കുന്നത് കാണുമ്പോള്‍ കരിയറില്‍ താന്‍ എവിടെ എത്തി നില്‍ക്കുന്നുവെന്നത് ബോധ്യപ്പെടുന്നുണ്ടെന്നും സഞ്ജു. അവരുടെ പിന്തുണ ആത്മവിശ്വാസം പകരുന്നതാണെന്നും താരം പറഞ്ഞു.