ന്യൂഡല്‍ഹി: ഇന്ത്യ- പാക്കിസ്ഥാന്‍ നയതന്ത്ര ബന്ധത്തെ കുറിച്ച് എന്നും ശബ്ദമുയര്‍ത്തുന്നയാളാണ് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. മറ്റ് സാമൂഹ്യവിഷയങ്ങളിലും ഗംഭീര്‍ തന്റെ അഭിപ്രായം വ്യക്തമാക്കാറുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ നിരത്തില്‍ സാരിയണിഞ്ഞ് നെറ്റിയില്‍ പൊട്ടുതൊട്ട് പ്രത്യക്ഷപ്പെട്ട ഗംഭീറിനെ കണ്ട് ആരാധകരൊന്ന് ഞെട്ടി. എന്നാല്‍ എന്തിനാണ് ഗംഭീര്‍ വേഷം മാറി വന്നതെന്ന് അറിഞ്ഞവര്‍ ഒന്നടങ്കം അദ്ദേഹത്തെ പ്രശംസ കൊണ്ട് മൂടുകയാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ വാര്‍ഷിക ഒത്തുചേരല്‍ പരിപാടിയായ ‘ഹിജ്ഡ ഹബ്ബ’യുടെ 11-ex പതിപ്പില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം.

സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന് അറിയിച്ച് സെക്ഷന്‍ 377 സുപ്രീം കോടതി എടുത്ത് മാറ്റിയതിന് പിന്നാലെയാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം ഹിജ്ഡ ഹബ്ബ സംഘടിപ്പിച്ചത്. ഡല്‍ഹി മാളില്‍ നടന്ന പരിപാടിയില്‍ നിരവധി പേരാണ് പങ്കെടുത്തത്. ‘ഇങ്ങനെയാണ് ഞാന്‍ ജനിച്ചത്’ എന്ന മുദ്രാവാക്യത്തോടെയാണ് എച്ച്ഐവി/എയ്ഡ്സ് അലൈന്‍സ് ഇന്ത്യ ഈ വര്‍ഷം പരിപാടി സംഘടിപ്പിച്ചത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടു വരാനും ശക്തിപ്പെടുത്താനും ഉദ്ദേശ്യമിട്ടാണ് പരിപാടി നടത്തുന്നത്.

ഡാന്‍സും പാട്ടും പ്രസംഗങ്ങളുമൊക്കെ ആയി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം പരിപാടി ആഘോഷമാക്കി. ഗംഭീറിന് വന്‍ സ്വീകരണമാണ് ചടങ്ങില്‍ ലഭിച്ചത്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുളളവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഗംഭീറിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ നിരവധി പേരാണ് അദ്ദേഹത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഗംഭീര്‍ ഈ വര്‍ഷമാദ്യം ആണ് ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ നായകസ്ഥാനം രാജിവച്ചത്. മോശം പ്രകടനത്തെ തുടര്‍ന്നായിരുന്നു തീരുമാനം.

‘രാജി വയ്ക്കുന്നത് എന്റെ തീരുമാനമായിരുന്നു. ടീമിന് വേണ്ടി നല്ല രീതിയില്‍ സംഭാവന നല്‍കാന്‍ സാധിച്ചിട്ടുണ്ട്. കപ്പിത്താനായി നന്നായി കളിക്കാനായി. ഇതാണ് സ്ഥാനമൊഴിയാനുളള നേരമെന്ന് തോന്നി. സമ്മർദ്ദം ഇനിയും താങ്ങാനാവില്ലെന്ന് കണ്ടപ്പോഴാണ് നായകസ്ഥാനം ഒഴിഞ്ഞത്’, അന്ന് ഗംഭീര്‍ പറഞ്ഞു.