ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്ക് ദൈവാലയങ്ങളില്‍ ഉപയോഗിക്കാനുള്ള വി. തൈലത്തിന്റെ (മൂറോന്‍) കൂദാശകര്‍മ്മം തിങ്കളാഴ്ച (മാര്‍ച്ച് 19) രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രസ്റ്റണ്‍ കത്തീഡ്രലില്‍ നിര്‍വ്വഹിക്കും. രാവിലെ 11 മണിക്ക് രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരുടെയും വിവിധ കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള കമ്മിറ്റിയംഗങ്ങളുടെയും സാന്നിധ്യത്തിലര്‍പ്പിക്കപ്പെടുന്ന വി. കുര്‍ബാന മധ്യേയാണ് തൈലം വെഞ്ചരിപ്പ് നടക്കുന്നത്.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സ്വര്‍ഗ്ഗീയ മധ്യസ്ഥനായ വി. യൗസോപ്പിതാവിന്റെ തിരുനാള്‍ ദിനം കൂടിയാണ് തിങ്കളാഴ്ച. രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും സന്യസ്തരും അല്‍മായരും അഭിവന്ദ്യപിതാവിന് തിരുനാള്‍ ആശംസകള്‍ അര്‍പ്പിക്കും. വിവിധ സുഗന്ധ കൂട്ടുകളുടെ പരിമള മിശ്രിതം ഒലിവു തൈലത്തില്‍ കലര്‍ത്തി കൂദാശ ചെയ്യുന്നതാണ് വി. തൈലമായി അറിയപ്പെടുന്നത്. വിശുദ്ധിയുടെ പരിമളം പരത്തുന്ന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളാണ് ഈ തൈലം ഉപയോഗിക്കുന്നതുവഴി സഭയില്‍ നടക്കുന്നത്.

വി. കുര്‍ബാനയെത്തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ (വൈദിക സമിതി) സമ്മേളനം നടക്കും. 2.30ന് വൈദിക സമിതിയുടെയും വിവിധ കുര്‍ബാന സെന്ററുകളില്‍ നിന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന കൈക്കാരന്മാരുടെയും ഇടവക പ്രതിനിധികളുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും സംയുക്ത ആലോചനാ സമ്മേളനം നടക്കും. നാല് മണിയോടുകൂടി യോഗം സമാപിക്കും. വി. കുര്‍ബാനയിക്കും തുടര്‍ന്ന് നടക്കുന്ന സമ്മേളനങ്ങളിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.