ലണ്ടന്‍: ജിസിഎസ്ഇ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. പുതുക്കിയ ഗ്രേഡിംഗ് സമ്പ്രദായം നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ ഫലപ്രഖ്യാപനമാണ് ഇത്. ഇംഗ്ലീഷിലും കണക്കിലുമാണ് പുതിയ ഗ്രേഡിംഗ് ഈ വര്‍ഷം നടപ്പാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ വിഷയങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ വിജയശതമാനം ഇക്കുറി പ്രതീക്ഷിക്കരുതെന്ന് ഹെഡ്ടീച്ചര്‍മാര്‍ പറയുന്നു. 30 വര്‍ഷം മുമ്പ് ഒ ലെവല്‍ എടുത്തു കളഞ്ഞുകൊണ്ട് ജിസിഎസ്ഇ നിലവില്‍ വന്നതിനു ശേഷം പരീക്ഷാ രീതികളില്‍ വരുത്തുന്ന കാതലായ മാറ്റമാണ് ഇത്.

9 മുതല്‍ 1 വരെയുള്ള ഗ്രേഡുകളാണ് ഈ സമ്പ്രദായത്തില്‍ നല്‍കുന്നത്. 2020ഓടെ മറ്റു വിഷയങ്ങളിലും ഈ രീതി ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മുന്‍ വിദ്യാഭ്യാസ സെക്രട്ടറി മൈക്കിള്‍ ഗോവ് ആണ് ഈ സമ്പ്രദായം മുന്നോട്ടു വെച്ചത്. ഫൈനല്‍ പരീക്ഷയുടെ മാര്‍ക്കിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയാണ് ഇത്. ഫൈനല്‍ ഗ്രേഡുകളില്‍ കോഴ്‌സ് വര്‍ക്കിന് ഈ സമ്പ്രദായം കാര്യമായ പ്രാധാന്യം നല്‍കുന്നില്ല.

എന്നാല്‍ ഈ രീതിക്കെതിരെ കാര്യമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എ സ്റ്റാര്‍ മുതല്‍ ജി വരെ നല്‍കിയിരുന്ന ഗ്രേഡിംഗ് രീതിയില്‍ നിന്ന് പെട്ടെന്നുള്ള മാറ്റം ഉള്‍ക്കൊള്ളാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സാധിച്ചിരുന്നില്ല. ഇത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പറഞ്ഞ് മനസിലാക്കാന്‍ സ്‌കൂള്‍ ലീഡര്‍മാര്‍ ഏറെ ബുദ്ധിമുട്ടുകയും ചെയ്തിരുന്നു.