ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- 2017-ൽ നടന്ന ജനറൽ ഇലക്ഷന് ശേഷം രണ്ടരവർഷം കഴിയുന്നതിനു മുൻപേ ബ്രിട്ടൻ അടുത്ത് തിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ ഉള്ള സാധ്യത വർദ്ധിച്ചു വരുന്നു. ബ്രെക്സിറ്റിനെ കുറിച്ച് പുനർവിചിന്തനം ചെയ്യുവാൻ ജനങ്ങൾക്ക് കൂടുതൽ സമയം നൽകാൻ തയാറാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രേഖപ്പെടുത്തി. എന്നാൽ ഇതിനു പകരമായി രണ്ടുമാസത്തിനുള്ളിൽ ഒരു ജനറൽ ഇലക്ഷൻ നടത്തണമെന്ന ആവശ്യം ആണ് അദ്ദേഹം മുന്നോട്ടു വച്ചിരിക്കുന്നത്. ഡിസംബർ 12ന് ഇലക്ഷൻ നടത്തുന്നതിനെ കുറിച്ച് ഹൗസ് ഓഫ് കോമൺസിന്റെ അഭിപ്രായം അറിയുവാൻ ജോൺസൻ തയ്യാറെടുക്കുകയാണ്. അടുത്ത ഒരു ഇലക്ഷന്റെ മുഖ്യ പ്രചാരണ വിഷയവും ബ്രെക്സിറ്റ് തന്നെയാവും.

എല്ലാ പ്രാവശ്യവും മെയ് മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നിരുന്നത്. ഇതനുസരിച്ച് 2022 മെയ് അഞ്ചിനാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഈ സമയത്തിനും നേരത്തെ തിരഞ്ഞെടുപ്പ് നടത്തണമെങ്കിൽ മൂന്നിൽ രണ്ട് എംപിമാരുടെയും സമ്മതം ആവശ്യമാണ്. ഇതിനു മുൻപ് രണ്ട് പ്രാവശ്യവും പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഈ ആവശ്യം പാർലമെന്റ് നിരാകരിച്ചിരുന്നു. അതിനാലാണ് പുതിയ തന്ത്രം അദ്ദേഹം പ്രയോഗിച്ചിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികളോടും ഇലക്ഷനെ അനുകൂലിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ഏകദേശം 650 കോൺസ്റ്റിട്യുൻസികളാണ് ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലായി ഉള്ളത്. ഏതുവിധേനയും ബ്രെക്സിറ്റ് നടപ്പിലാക്കണമെന്ന് ആവശ്യമാണ് ബോറിസ് ജോൺസൺ മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ലേബർ പാർട്ടി രണ്ടാമതൊരു റഫറണ്ടം നടത്തണമെന്ന ആവശ്യമാണ് ഉയർത്തുന്നത്. വീണ്ടുമൊരു ഇലക്ഷൻ നടക്കുമോ എന്ന ആകാംക്ഷയിലാണ് ബ്രിട്ടീഷ് ജനങ്ങൾ.