സ്വന്തം ലേഖകൻ
കൺസർവേറ്റീവ് പാർട്ടി നേതാവും മുൻ ചാൻസലറുമായ ജോർജ് ഓസ്ബോൺ പത്രപ്രവർത്തന രംഗത്തേയ്ക്ക് കാലു കുത്തുന്നു. പക്ഷേ എം പി സ്ഥാനം രാജിവയ്ക്കാതെ രണ്ടു ജോലിയും ഒരുമിച്ചു കൊണ്ടു പോകും. ലണ്ടൻ ഈവനിംഗ് സ്റ്റാൻഡാർഡി൯െറ എഡിറ്റർ ആയിട്ടാണ് ഓസ്ബോണിന് നിയമനം ലഭിച്ചിരിക്കുന്നത്. മെയ് മാസം അദ്ദേഹം ചുമതലയേൽക്കുമെന്ന് ന്യൂസ് ഉടമ എവ് ജനി ലെബേഡെവ് പറഞ്ഞു. നിലവിലുള്ള എഡിറ്റർ സാറാ സാൻഡ്സ് BBC റേഡിയോ 4 ലെ ടുഡേയ്സ് പ്രോഗ്രാമിലേയ്ക്ക് പോകുന്ന ഒഴിവിലാണ് നിയമനം. സിവിൽ സർവീസ് അഡ്വൈസറി കമ്മിറ്റിയുടെ അപ്രൂവൽ കിട്ടിയതിനു ശേഷം മാത്രമേ ഓസ്ബോൺ പുതിയ ജോലി ആരംഭിക്കുകയുള്ളൂ.

Screenshot_20170317-215155എം.പി സ്ഥാനത്ത് തുടർന്നു കൊണ്ട് ന്യൂസ് എഡിറ്റർ ജോലി ചെയ്യാൻ പ്ലാൻ ചെയ്യുന്ന ജോർജ് ഓസ്ബോണിനെതിരെ വ്യാപകമായ വിമർശങ്ങളാണ് ഉയരുന്നത്. ന്യൂസ് എഡിറ്റർ സ്ഥാനവും എം പി സ്ഥാനവും ഒന്നിച്ച് വഹിക്കാമെന്ന് ജോർജ് ഓസ്ബോൺ കരുതേണ്ടെന്ന് ഒരു ടോറി മിനിസ്റ്റർ പറഞ്ഞു. നികുതി ദായകരെ കളിയാക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് ആരോപിച്ച ലേബർ പാർട്ടി എംപി ജോൺ മാൻ ഇതു സ്വീകാര്യമല്ലെന്നും ജോർജ് ഓസ്ബോൺ തികഞ്ഞ അധികാര മോഹിയാണെന്നും പ്രഖ്യാപിച്ചു.

പത്രപ്രവർത്തന സ്വാതന്ത്യത്തിൻ മേലുള്ള കൈകടത്തലാണ് ഇത് എന്നു പറഞ്ഞ ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ, ഓസ്ബോൺ സ്വന്തം മണ്ഡലത്തിലെ വോട്ടർമാരെ അപമാനിച്ചിരിക്കുകയാണെന്നും പറഞ്ഞു.  എം.പിയുടെ ശമ്പളമായ 75,000 പൗണ്ടിനു പുറമേ ബ്ലാക്ക് റോക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്ന കമ്പനിയിലെ ജോലി വഴി വർഷം 650,000 പൗണ്ടും വിവിധ ഇവന്റുകളിൽ പങ്കെടുത്ത് 800,000 പൗണ്ടും ജോർജ് ഓസ്ബോൺ സമ്പാദിച്ചതു കൂടാതെയാണ് എഡിറ്റർ ശമ്പളവും ഇനി മുതൽ അദ്ദേഹത്തിന്റെ പോക്കറ്റിലേയ്ക്ക് വരാൻ പോകുന്നത്. റ്റാറ്റൺ മണ്ഡലത്തിൽ നിന്നുള്ള എം.പിയാണ് ജോർജ് ഓസ്ബോൺ.