ജര്‍മ്മന്‍ യുവതിയുടെ തിരോധാനത്തില്‍ അവരോടൊപ്പം കേരളത്തിലെത്തിയ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം. മാര്‍ച്ച് 10നാണ് ലിസ വെയ്സ അവസാനമായി വിളിച്ചതെന്ന് ഇവരുടെ മാതാവ് അറിയിച്ചു. 2011ല്‍ ഇവര്‍ കൊല്ലം അമൃതാനന്ദമയി ആശ്രമത്തില്‍ താമസിച്ചിട്ടുണ്ടെന്നും കണ്ടെത്തി.

കേരളത്തിലെത്തിയ ശേഷം കാണാനില്ലെന്ന് പറയുന്ന ജര്‍മ്മന്‍ യുവതി ലിസ വെയ്സ ബ്രിട്ടീഷ് പൗരന്‍ മുഹമ്മദ് അലിക്കൊപ്പമാണ് തിരുവനന്തപുരത്തെത്തിയത്. എന്നാല്‍ ലിസയെക്കൂടാതെ മാര്‍ച്ച് 15ന് മുഹമ്മദ് അലി തിരികെപ്പോയി. ലിസയെ കാണാനില്ലെന്ന പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ യാത്രയില്‍ ദുരൂഹതയുള്ളതിനാലാണ് മുഹമ്മദ് അലിയുടെ വിവരങ്ങള്‍ തേടാന്‍ പൊലീസ് ശ്രമം തുടങ്ങിയത്.

ജര്‍മ്മന്‍ കോണ്‍സുലേറ്റ് വഴി ലിസയുടെ പശ്ചാത്തലവും പൊലീസ് ശേഖരിച്ചു. ഇതിന് മുന്‍പ് 2011ല്‍ കേരളത്തിലെത്തിയ ലിസ രണ്ട് മാസത്തോളം കൊല്ലം അമൃതാനന്ദമയി ആശ്രമത്തില്‍ താമസിച്ചിട്ടുണ്ട്. മാര്‍ച്ച് 5നും 10നുമാണ് അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. മാര്‍ച്ച് 5ന് അമേരിക്കയിലുള്ള കുട്ടികളെ വീഡിയോ കോള്‍ ചെയ്ത ശേഷം കേരളത്തിലേക്ക് പോകുന്നൂവെന്നും മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും വിളിക്കാമെന്നും പറഞ്ഞു. മാര്‍ച്ച് 10നായിരുന്നു അവസാനവിളി. ഞാന്‍ ഇന്ത്യയിലാണ് അതീവ സന്തോഷവതിയെന്നുമാണ് അന്ന് പറഞ്ഞതെന്നും ലിസയുടെ അമ്മ പറയുന്നു.

എന്നാല്‍ പിന്നീട് വിവരമൊന്നുമില്ല. വിവിധ രാജ്യങ്ങളിലെ തീവ്രമുസ്ളീംസംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പശ്ചാത്തലവും ലിസയ്ക്കുണ്ട്. 2012ല്‍ ഈജിപ്തിലെത്തിയാണ് ലിസ ഇസ്ളാം മതം സ്വീകരിച്ചത്. അവിടെത്തെ മുസ്ളീം സംഘടനയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനിടെ പരിചയപ്പെട്ടാണ് അബ്ദല്‍ റഹ്മാന്‍ ഹാഷിം എന്നയാളെ വിവാഹം കഴിച്ചത്. രണ്ട് കുട്ടികളുണ്ട്. 2016ല്‍ വിവാഹമോചിതയായി ജര്‍മ്മനിയിലേക്ക് മടങ്ങിയെങ്കിലും മുസ്ളീം സംഘടനാപ്രവര്‍ത്തനം തുടര്‍ന്നിരുന്നു.ഈ സാഹചര്യത്തില്‍ ലിസയ്ക്കൊപ്പം കേരളത്തിലെത്തിയ മുഹമ്മദ് അലിയ്ക്കും ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്