തിരുവനന്തപുരത്തെത്തിയശേഷം കാണാനില്ലെന്ന് പരാതി ലഭിച്ച ജര്‍മന്‍ യുവതി കൊല്ലം അമൃതാനന്ദമയി ആശ്രമത്തില്‍ എത്തിയിട്ടില്ല. ഇതോടെ യുവതി എവിടെപ്പോയെന്നതില്‍ ദുരൂഹതകളേറി. കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ രൂപീകരിച്ചു.

ലീസ വെയ്സ എന്ന ജര്‍മ്മന്‍ യുവതി കേരളത്തിലെത്തിയ ശേഷം തിരിച്ച് വന്നിട്ടില്ലെന്നാണ് ഇവരുടെ മാതാവിന്റെ പരാതിയില്‍ പറയുന്നത്. കൊല്ലം അമൃതപുരി എന്നായിരുന്നു യാത്രാരേഖകളിലെ പ്രാദേശികവിലാസം. അതിനാല്‍ അമൃതാനന്ദമയി ആശ്രമത്തില്‍ എത്തിയിട്ടുണ്ടാകുമെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. ആശ്രമത്തില്‍ എത്തി അന്വേഷിച്ചെങ്കിലും ഇവിടെയെത്തിയില്ലെന്നാണ് മൊഴി ലഭിച്ചത്. എന്നാല്‍ 2009ല്‍ ആശ്രമത്തില്‍ വന്നിട്ടുമുണ്ട്. ഇതോടെ മാര്‍ച്ച് 7ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം ലീസ എവിടെപ്പോയി എന്ന കാര്യത്തില്‍ ഒരു സൂചനയുമില്ല.

മുഹമ്മദ് അലി എന്ന യു.കെ പൗരനൊപ്പമാണ് തിരുവനന്തപുരത്തെത്തിയത്. ഇത് ലീസ പ്രണയിക്കുന്ന ആണ്‍ സുഹൃത്താണെന്ന് മാതാവ് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ മുഹമ്മദ് അലി മാര്‍ച്ച് 15ന് തന്നെ തിരിച്ച് പോയി. അതുകൊണ്ട് വിദേശ എംബസിയുടെ സഹായത്തോടെ ഇയാള്‍ നാട്ടില്‍ തിരികെയെത്തിയോയെന്ന് അന്വേഷിച്ച് വിവരം ശേഖരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതോടൊപ്പം തിരുവനന്തപുരത്തൂടെ അല്ലാതെ മറ്റേതെങ്കിലും വിമാനത്താവളം വഴി ലീസ തിരികെപ്പോയോയെന്നും അന്വേഷിക്കുന്നുണ്ട്.

കോവളം, ശംഖുമഖം പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ അന്വേഷിച്ചെങ്കിലും ആരും കണ്ടതായി പറയുന്നില്ല. കേരളത്തിലെത്തി നൂറിലേറെ ദിവസം കഴിഞ്ഞെന്നതും അന്വേഷണത്തിന് തടസമാകുന്നുണ്ട്. ശംഖുമഖം എ.എസ്.പി R. ഇളങ്കോയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണം.