ബെര്‍ലിന്‍: രാജ്യത്ത് അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ജര്‍മനിയിലെ വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിക്ക് കടുത്ത ആശങ്ക. അടുത്തിടെ നടന്ന ഒരു സര്‍വേയിലാണ് പാര്‍ട്ടി തങ്ങളുടെ ആശങ്ക പങ്ക് വച്ചത്. ബില്‍ഡ് മാസികയാണ് സര്‍വേ നടത്തിയത്. ഇന്ന് നടക്കുന്ന ഫെഡറല്‍ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പതിനൊന്നര ശതമാനം വോട്ട് നേടുമെന്നും മാസിക വിലയിരുത്തി. ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ സിഡിയു പാര്‍ട്ടിക്ക് മുപ്പത്തഞ്ച് ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു.
സോഷ്യല്‍ ഡെമോക്രാറ്റുകള്‍ 21.5 ശതമാനം വോട്ട് കരസ്ഥമാക്കും. ഗ്രീന്‍ പാര്‍ട്ടിക്കും ഇടത് പാര്‍ട്ടിക്കും പത്ത് ശതമാനം വീതം വോട്ട് ലഭിക്കും. ലിബറല്‍ പാര്‍ട്ടിയായ എഫ്ഡിപിയ്ക്ക് ആറ് ശതമാനം വോട്ടേ ലഭിക്കൂ. എങ്കിലും പാര്‍ലമെന്റില്‍ പുനഃപ്രവേശിക്കാന്‍ പാര്‍ട്ടിക്കാകും. അടുത്തിടെ നടന്ന ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തൂത്തെറിയപ്പെട്ടിരുന്നു. ജര്‍മനിയാണ് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ ഏറ്റെടുത്തിരിക്കുന്ന രാജ്യം. വര്‍ഷത്തില്‍ പത്ത് ലക്ഷം അഭയാര്‍ത്ഥികളെ രാജ്യം സ്വീകരിക്കുമെന്നാണ് ചാന്‍സിലര്‍ ആഞ്ചേല മെര്‍ക്കലിന്റെ പ്രഖ്യാപനം.

കൊളോണിലുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മെര്‍ക്കല്‍ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു. ആക്രമണങ്ങളെ തുടര്‍ന്ന് തീവ്ര വലതുപക്ഷ വാദികള്‍ ലെയ്‌സിഗിലുളള കടകളും മറ്റും അടിച്ച് തകര്‍ത്തിരുന്നു. ഇവിടെ ഏറെയും വംശീയ ന്യൂനപക്ഷങ്ങളാണ് വ്യവസായം നടത്തുന്നത്. അടുത്തിടെ മെര്‍ക്കലും തന്റെ നിലപാടില്‍ ചില തിരുത്തലുകള്‍ വരുത്തിയിരുന്നു. യൂറോ കറന്‍സിയില്‍ നിന്നും ജര്‍മനി പിന്‍മാറണമെന്ന് എഎഫ്ഡി ആവശ്യപ്പെടുന്നു. യൂറോപ്യന്‍ യൂണിയനുമായുളള അടുപ്പവും അവസാനിപ്പിക്കണം. കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടും കടുത്ത നിലപാട് സ്വീകരിക്കണമെന്നും ഇവര്‍ ആഹ്വാനം ചെയ്യുന്നു.